ഓക്‌സിജന്‍ വിതരണം മുടങ്ങി; ഉത്തരാഖണ്ഡിലും അഞ്ച് കൊവിഡ് രോഗികളുടെ ജീവന്‍ പൊലിഞ്ഞു

അരമണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് ദാരുണസംഭവത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. പുലര്‍ച്ചെ 1.30 മുതല്‍ രണ്ടുവരെയാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. വെന്റിലേറ്ററിലുണ്ടായിരുന്ന ഒരു രോഗിയും ഓക്‌സിജന്‍ കിടക്കയിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചത്.

Update: 2021-05-05 06:33 GMT

ഡെറാഡൂണ്‍: ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലും കൊവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലുള്ള റൂര്‍ക്കിയിലെ സ്വകാര്യാശുപത്രിയിലാണ് അവസാനമായി ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരിലുള്ള മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് കൊവിഡ് രോഗികളാണ് ഇത്തരത്തില്‍ മരിച്ചത്.

അരമണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് ദാരുണസംഭവത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. പുലര്‍ച്ചെ 1.30 മുതല്‍ രണ്ടുവരെയാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. വെന്റിലേറ്ററിലുണ്ടായിരുന്ന ഒരു രോഗിയും ഓക്‌സിജന്‍ കിടക്കയിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചത്. സംഭവത്തില്‍ ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു.

റൂര്‍ക്കിയുടെ സംയുക്ത സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടും രണ്ട് ഡോക്ടര്‍മാരും അടങ്ങുന്ന സംഘവും ആശുപത്രിയുടെ മെഡിക്കല്‍ ഓഡിറ്റ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ ഓക്‌സിജന്റെ ലഭ്യത, ആവശ്യം, വിതരണ അനുപാതം, അവിടത്തെ രോഗികളുടെ എണ്ണം എന്നിവയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സംഘം വിശദമായ റിപോര്‍ട്ട് നല്‍കുമെന്ന് രവിശങ്കര്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 പേരാണ് പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവരികയും അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News