വ്യാജ എന്‍സിആര്‍ടി പുസ്തകങ്ങള്‍ അച്ചടിച്ച ബിജെപി നേതാവിന്റെ മകനെതിരേ കേസ്

364 വിധത്തിലുള്ള വ്യാജ ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ നിന്ന് തയ്യാറാക്കിയിരുന്നത്

Update: 2020-08-23 08:03 GMT

ലക്‌നോ: 35 കോടി രൂപയുടെ വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരേ കേസ്. ഉത്തര്‍ പ്രദേശ് ബിജെപി നേതാവ് സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍ ഗുപ്തയ്‌ക്കെതിരെയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തു. അതേസമയം സച്ചിന്‍ ഗുപ്ത ഒളിവിലാണ്.

സംസ്ഥാനത്തെ പ്രത്യേക ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) പോലിസും ചേര്‍ന്നാണ് മീറത്ത് ജില്ലയില്‍ നടന്ന അഴിമതി കണ്ടെത്തിയത്. ആറ് പ്രിന്റിംഗ് മെഷീനുകള്‍ വെയര്‍ഹൗസില്‍ നിന്ന് കണ്ടുകെട്ടിയിട്ടുണ്ട്. ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് അച്ചേണ്ടയിലെ വെയര്‍ഹൗസും മൊഹ്കാംപൂരിലെ പ്രിന്റിംഗ് പ്രസും. ഇവിടെ നടത്തിയ റെയ്ഡിലാണ് വ്യാജ പുസ്തക അച്ചടി കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ദില്ലി തുടങ്ങി സംസ്ഥാനങ്ങളില്‍ ഈ വ്യാജ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തതായി കണ്ടെത്തി. ഇതുകൂടാതെ യുപിയിലെ പല ജില്ലകളിലേക്കും വ്യാജ പുസ്തകങ്ങള്‍ അയച്ചിട്ടുണ്ട്. മീറത്തില്‍ എന്‍സിആര്‍ടി പുസ്തകങ്ങള്‍ വലിയ തോതില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകങ്ങള്‍ ആര്‍മി സ്‌കൂളില്‍ എത്തിയപ്പോള്‍, സൈന്യം രഹസ്യമായി അന്വേഷിച്ചു. തുടര്‍ന്ന്, മീറത്തിിലെ പരതപൂര്‍ പ്രദേശത്ത് ഈ പുസ്തകങ്ങള്‍ അച്ചടിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 364 വിധത്തിലുള്ള വ്യാജ ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ നിന്ന് തയ്യാറാക്കിയിരുന്നതെന്നാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് സോളങ്കി വ്യക്തമാക്കി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയാണ് മിക്ക പുസ്തകങ്ങളും.ചില്ലറ വ്യാപാരികള്‍ക്ക് വിറ്റിരുന്ന ഈ പുസ്തകങ്ങള്‍ എന്‍സിഇആര്‍ടിക്ക് വന്‍ നഷ്ടമുണ്ടാക്കിയിരുന്നതായാണ് റിപോര്‍ട്ട്. റെയ്ഡ് നടന്ന സമയത്ത് ബിജെപി നേതാവും പ്രിന്റിങ് പ്രസ് ഉടമയും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പോലിസ് എത്തിയ വിവരം അറിഞ്ഞ അവര്‍ രക്ഷപെട്ടു. കാര്‍ നിര്‍ത്താന്‍ പോലിസ് ശ്രമിച്ചെങ്കിലും രക്ഷപെടുകയായിരുന്നു.

സംഭവത്തില്‍ ബിജെപിക്കെതിരേ കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. പുതിയവിദ്യാഭ്യാസ നയത്തിന് രൂപം നല്‍കിയ ബിജെപി ആദ്യം പാര്‍ട്ടി നേതാക്കള്‍ക്ക് ''ധാര്‍മ്മിക വിദ്യാഭ്യാസം'' പഠിപ്പിക്കണമെന്ന് അദ്ദേഹം കുറ്റപെടുത്തി.


Tags: