യുപിയിൽ വീണ്ടും ദലിത് പെൺകുട്ടി കൊല്ലപ്പെട്ട നിലയിൽ; ബലാൽസംഗക്കൊലയെന്ന് കുടുംബം
കൈയും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെറിഞ്ഞ നിലയിലായിരുന്നു.
ലഖ്നോ: ഉത്തർപ്രദേശിലെ സാത്രിക് പോലിസ് സ്റ്റേഷൻ പരിധിയിലുള്ള ബരാബങ്കിയിലെ ഒരു വയലിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹിന്ദുസ്ഥാൻ റിപോർട്ട് ചെയ്തതനുസരിച്ച് പെൺകുട്ടിക്ക് 17 വയസാണ്. അതേസമയം ബലാൽസംഗക്കൊലയെന്ന് കുടുംബം ആരോപിച്ചു.
പുല്ലു വെട്ടാൻ പെൺകുട്ടി ബുധനാഴ്ച വയലിൽ പോയിരുന്നു. കൈയും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെറിഞ്ഞ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. മകൾ ബലാത്സംഗത്തിനിരയായെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മുതിർന്ന പോലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വലിയ പോലിസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവ്, പെൺകുട്ടിയെ കാണാതായതോടെ അവളെ അന്വേഷിച്ച് വയലിലേക്ക് പോയി. തിരച്ചിലിനൊടുവിൽ അവളുടെ മൃതദേഹം അടുത്തുള്ള ഒരു വയലിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് പിതാവ് ഗ്രാമത്തിലേക്ക് മടങ്ങി അവിടെയുള്ള ആളുകളെ അറിയിക്കുകയും ഗ്രാമവാസികൾ പോലിസിനെ വിളിക്കുകയുമായിരുന്നു.