ഓണ്‍ലൈനില്‍ പുതുക്കിയ ലൈസന്‍സില്‍ ചിത്രത്തിനു പകരം കസേര...!!!

Update: 2020-08-13 11:05 GMT

വാഷിങ്ടണ്‍: സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കലും പുതുക്കലും എല്ലാം ഓണ്‍ലൈനായിട്ട് കുറച്ചുകാലമായി. കൊവിഡ് കാലത്താവട്ടെ, പഠനം മുതല്‍ വിവാഹ-മരണാനന്തര ചടങ്ങുകള്‍ വരെ ഓണ്‍ലൈനിലാവുകയാണ്. എന്നാല്‍, സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്‍മാരെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കയില്‍ ഓണ്‍ലൈനില്‍ ലൈസന്‍സ് പുതുക്കിയ വാഹന ഉടമ തിരിച്ചുകിട്ടിയ ലൈസന്‍സ് കണ്ട് അന്തംവിട്ടിരിക്കുകയാണ്. തന്റെ ചിത്രത്തിനു പകരം നല്‍കിയിരിക്കുന്നത് കസേരയുടെ ചിത്രം. സാധാരണ അക്ഷരത്തെറ്റുകളോ ഫോട്ടോ മാറലോ ഒക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ഇവിടെ ആളുടെ ഫോട്ടോയ്ക്കു പകരം എങ്ങനെയാണ് കസേരയുടെ ഫോട്ടോ വന്നതെന്നറിയാതെ ഉടമ കുഴങ്ങിയിരിക്കുകയാണ്. ജേഡ് ഡോഡ് എന്ന യുവതിയാണ് തനിക്കു കിട്ടിയ ലൈസന്‍സ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

    ലൈസന്‍സ് പുതുക്കാനുള്ള നടപടി ക്രമങ്ങളെല്ലാം ഓണ്‍ലൈനിലൂടെയാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ലൈസന്‍സ് തപാലില്‍ ലഭിച്ചത്. അപ്പോഴാണ് തന്റെ ഫോട്ടോയുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേരയുടെ ചിത്രം കാണുന്നത്. ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിച്ചെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ലത്രേ. പിന്നീട് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥ പരാതി സ്വീകരിക്കുകയും പിഴവ് പരിശോധിക്കുകയും ചെയ്തു. തങ്ങളുടെ ഓഫിസിന്റെ ഭാഗത്താണ് പിഴവെന്ന് തിരിച്ചറിഞ്ഞതോടെ ഇക്കാര്യം മാനേജരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി ജേഡ് ഡോഡ് ഡബ്ല്യുകെആര്‍എന്‍ ടിവിയോട് പറഞ്ഞു. തനിക്ക് പുതുക്കിക്കിട്ടിയ ലൈസന്‍സ് എന്നു പറഞ്ഞ് ജേഡ് ഡോഡ് കസേരയുടെ ചിത്രമുള്ള ലൈസന്‍സ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വളരെ വേഗത്തിലാണ് വൈറലായത്. 19,000ത്തിലേറെ പേര്‍ ഇതുവരെ പങ്കുവച്ചു. പലരും പരിഹാസത്തോടെയും കൗതുകത്തോടെയുമാണ് പോസ്റ്റിനു കമ്മന്റ് ചെയ്തിട്ടുള്ളത്.

US Woman Renews Driver's License & It Comes Back With A Picture Of An Empty Chair


Tags: