കീവിലെ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു; പതാക ഉയര്‍ത്തി

Update: 2022-05-19 03:21 GMT

കീവ്: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കീവിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. അപകട സാഹചര്യം കുറഞ്ഞെന്നു വിലയിരുത്തിയാണ് എംബസി സാധാരണനിലയിലേക്ക് മടങ്ങിവരുന്നത്. എംബസി ജീവനക്കാര്‍ കീവിലെ എംബസിക്ക് മുകളില്‍ യുഎസ് പതാക ഉയര്‍ത്തി.

എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പുനരാരംഭിക്കുകയാണെന്ന് വക്താവ് ഡാനിയല്‍ ലാംഗന്‍കാമ്പ് പറഞ്ഞു. ചെറിയൊരു വിഭാഗം നയതന്ത്രജ്ഞര്‍ ആദ്യം ദൗത്യത്തിനായി മടങ്ങിയെത്തും. കോണ്‍സുലര്‍ പ്രവര്‍ത്തനങ്ങള്‍ ഉടനടി പുനരാരംഭിക്കില്ലെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ യാത്രാ നിര്‍ദേശം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ സമ്പൂര്‍ണ അധിനിവേശം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഫെബ്രുവരി 14നാണ് യുഎസ് എംബസി അടച്ചത്.

യുദ്ധത്തിന്റെ ആദ്യ രണ്ടുമാസം എംബസി ജീവനക്കാര്‍ പോളണ്ടില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് പടിഞ്ഞാറന്‍ നഗരമായ ലിവ് സന്ദര്‍ശിച്ച് സംഘം മെയ് രണ്ടിന് സ്വന്തം രാജ്യത്തേക്ക് മടങ്ങി. റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ വടക്ക് നിന്ന് പിന്‍വാങ്ങിയതിന് ശേഷം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ പല പാശ്ചാത്യരാജ്യങ്ങളും കീവിലെ എംബസികള്‍ വീണ്ടും തുറന്നിട്ടുണ്ട്.

Tags:    

Similar News