നാലഞ്ച് ദിവസം മുമ്പ് നടന്നതല്ലേ; യുഎസ് വിമാനത്തിൽ നിന്ന് ആളുകൾ വീണുമരിച്ച സംഭവത്തിൽ ബൈഡന്റെ പ്രതികരണം

അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിൽ കുറ്റബോധമില്ലെന്നും, ഉചിതമായ സമയത്താണ് നടപടിയെന്നും ബൈഡൻ നേരത്തെ പ്രതികരിച്ചിരുന്നു.

Update: 2021-08-19 12:56 GMT

വാഷിംഗ്ടൺ: അഫ്ഗാനിസ്താനിൽ യുഎസ് വിമാനത്തിൽനിന്ന് ആളുകൾ വീണുമരിച്ച സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം വിവാദമാകുന്നു. നാല്, അഞ്ച് ദിവസം മുൻപ് നടന്ന കാര്യമാണ് അതൊക്കെ എന്ന് പറഞ്ഞുകൊണ്ട് സംഭവത്തെ നിസാരമാക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാനായി പറന്നുയർന്ന വിമാനത്തിൽ തൂങ്ങിപ്പിടിച്ച രണ്ട് പേരാണ് താഴെ വീണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിൽ കുറ്റബോധമില്ലെന്നും, ഉചിതമായ സമയത്താണ് നടപടിയെന്നും ബൈഡൻ നേരത്തെ പ്രതികരിച്ചിരുന്നു.

അഫ്ഗാന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തേയാണെന്നും, അഫ്ഗാൻ നയത്തിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണു താൻ ചെയ്തതെന്നും ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റിന്റെ പ്രതികരണം നാണക്കേടാണെന്ന് യുഎൻ മുൻ അംബാസഡർ നിക്കി ഹേലി ആരോപിച്ചു.