കൊല്ലപ്പെട്ടത് മൂന്നിലൊന്ന് ഹമാസ് പോരാളികള്‍ മാത്രം: യു എസ് ഇന്റലിജന്‍സ്

Update: 2024-05-22 11:19 GMT

വാഷിങ്ടണ്‍: യു എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനകള്‍ പ്രകാരം ഒക്ടോബര്‍ 7നു ശേഷം ഗസയില്‍ ഇസ്രായേല്‍ നടത്തിയ കടുത്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 30-35 ശതമാനം ഹമാസ് പോരാളികള്‍ മാത്രമാണെന്ന് റിപോര്‍ട്ട്. 65 ശതമാനം പേരും തുരങ്കങ്ങളില്‍ സുരക്ഷിതരായി അവശേഷിക്കുന്നുണ്ടെന്നും യു എസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ പത്രികയായ പൊളിറ്റിക്കോ റിപോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധമുള്ള വ്യക്തി വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊളിറ്റിക്കോയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ആയിരക്കണക്കിന് പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യാന്‍ ഹമാസിനു കഴിഞ്ഞിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹമാസിനെ തുരത്തി അവര്‍ക്കു മേല്‍ 'സമ്പൂര്‍ണ വിജയം' നേടുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപിത തന്ത്രം ഗസയില്‍ സംഭവ്യമാണെന്ന് ബൈഡന്‍ ഭരണകൂടം വിശ്വസിക്കുന്നില്ലെന്നാണ് കഴിഞ്ഞ ആഴ്ച യു എസ് സ്‌റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കര്‍ട്ട് കാംബെല്‍ പറഞ്ഞത്.

Tags:    

Similar News