ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊലപാതകം: പ്രതിയായ യുഎസ് മുന്‍ പോലിസ് ഉദ്യോഗസ്ഥന് 22 വര്‍ഷത്തിലേറെ തടവ്

Update: 2021-06-26 01:56 GMT

മിനിയാപൊളിസ്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കാല്‍മുട്ട് കൊണ്ട് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലിസുകാരന്‍ ഡെറക് ഷോവിന് 22 വര്‍ഷവും ആറുമാസത്തെയും തടവുശിക്ഷ വിധിച്ചു.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വംശീയ നീതിക്കുള്ള ഏറ്റവും വലിയ പ്രകടനത്തിന് തന്നെ കാരണമായ കൊലപാതകമാണിത്. 45 കാരനായ ഡെറക് ഷോവിന്‍ മിനിയാപൊളിസ് കോടതിയില്‍ ഫ്‌ളോയ്ഡ് കുടുംബത്തിന് അനുശോചനം അറിയിച്ചെങ്കിലും മാപ്പ് ചോദിച്ചില്ല. 'ഈ ജയില്‍ ശിക്ഷ നിങ്ങള്‍ വിശ്വാസത്തിന്റെയും അധികാരത്തെയും ദുരുപയോഗം ചെയ്തതിന്റെയും ജോര്‍ജ്ജ് ഫ്‌ളോയ്ഡിനോട് കാണിച്ച ക്രൂരതയുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്ന് ജഡ്ജി പീറ്റര്‍ കാഹില്‍ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ ഏഴുവയസ്സുള്ള മകളുടെ റെക്കോര്‍ഡ് സന്ദേശം കോടതി നിരീക്ഷിക്കുകയും ഷോവിന്റെ മാതാവിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ വിധിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ വംശീയ അനുരഞ്ജനത്തിലേക്കുള്ള ചരിത്രപരമായ നടപടിയാണിതെന്ന് ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എല്ലാ സാഹചര്യങ്ങളും പരിഗണിക്കപ്പെട്ടുവോ എന്ന് അറിയില്ലെന്നും എന്നാല്‍ ശിക്ഷാവിധി ഉചിതമാണെന്ന് തോന്നുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.   


    കുടുംബം ആഗ്രഹിച്ചതിനേക്കാള്‍ കുറവാണെങ്കിലും ഉത്തരവാദിത്തത്തെ കുറിച്ചുള്ള സന്ദേശം നല്‍കുന്നതായി പൗരാവകാശ പ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്റ്റണ്‍ പറഞ്ഞു. വ്യാജ ബില്‍ സംശയത്തെ തുടര്‍ന്ന് 2020 മെയ് മാസത്തില്‍ ഷോവിനും മൂന്നു സഹപോലിസുകാരും ചേര്‍ന്നാണ് 46 കാരനായ ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തു. പിന്നീട് നിലത്തിട്ട് ഷോവിന്‍ 10 മിനിറ്റോളം ഫ്‌ളോയിഡിന്റെ കഴുത്തിന്റെ പിന്നില്‍ മുട്ടുകുത്തി ഇരുന്നതിനെ തുടര്‍ന്നാണ് മരണപ്പെട്ടത്. എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ഫ്‌ളോയിഡ് പറഞ്ഞെങ്കിലും പോലിസുകാര്‍ ഗൗനിച്ചിരുന്നില്ല. ഒരു യുവതി ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വൈറലായതോടെ, ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തും വിദേശത്തും തെരുവുകളില്‍ പ്രതിഷേധവുമായെത്തി. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം അലയടിച്ചതോടെയാണ് പ്രതിയായ വെളുത്ത വംശജനായ പോലിസുകാരനെതിരേ ശക്തമായ നടപടിയെടുത്തത്.

US Ex-Police Officer Sentenced To Over 22 Years For George Floyd Murder


Tags:    

Similar News