പിടിമുറുക്കി ഡെല്‍റ്റ വകഭേദം; അമേരിക്കയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിക്കുന്നു
വാഷിങ്ടണ്‍: ഒരിടവേളയ്ക്കുശേഷം അമേരിക്കയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ രാജ്യത്ത് പിടിമുറുക്കിയതിനെത്തുടര്‍ന്നാണ് നിയന്ത്രണവിധേയമായിരുന്ന കൊവിഡ് വീണ്ടും ആശങ്ക പടര്‍ത്തിയിരിക്കുന്നത്. പുതിയ ഡെല്‍റ്റ കേസുകളുടെ ഏഴുദിവസത്തെ ശരാശരി കണക്ക് ജൂലൈ ആറിന് പുറത്തുവിട്ടത് പ്രകാരം 13,859 ആണ്. രണ്ടാഴ്ച മുമ്പത്തേതിനേക്കാള്‍ 21 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.
ജൂലൈ നാലിന് അവധിക്കാല വാരാന്ത്യ ദിനമായതിനാല്‍ കൊവിഡ് കേസുകളുടെ റിപോര്‍ട്ടിങ്ങില്‍ കാലതാമസമുണ്ടായിട്ടുണ്ട്. അതുകൊണ്ട് വരുംദിവസങ്ങളില്‍ ശരാശരി കണക്ക് ഇനിയും ഉയരും. ജൂലൈ 3 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ 52 ശതമാനം കേസുകളും ഡെല്‍റ്റ വകഭേദത്തിന്റെ ഭാഗമായുള്ളതാണെന്നാണ് റിപോര്‍ട്ടുകള്‍.
വാക്‌സിനുകളുടെ കാര്യത്തില്‍ മറ്റേതൊരു രാജ്യത്തേക്കാളും ലഭ്യതയുണ്ടായിട്ടും അമേരിക്കയിലെ രോഗപ്രതിരോധ കാംപയിന്‍ ഏപ്രില്‍ മുതല്‍ കുത്തനെ ഇടിയുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 70 ശതമാനം മുതിര്‍ന്നവര്‍ക്കും ഭാഗികമായെങ്കിലും വാക്‌സിനേഷന്‍ നല്‍കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
നിലവിലെ കണക്ക് 67 ശതമാനമാണ്. കൊവിഡിനെതിരെ ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, അസ്ട്രാസെനെക വാക്‌സിനുകള്‍ ഉയര്‍ന്ന ഫലപ്രാപ്തി നിലനിര്‍ത്തിയിട്ടുണ്ടെന്നും മോഡേണ വാക്‌സിനും ഇതിന് സമാനമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 249 മരണവും രേഖപ്പെടുത്തി. 3,46,45,515 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 6,21,902 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,91,68,313 പേരുടെ രോഗം ഭേദമായപ്പോള്‍ 48,55,300 പേര്‍ ഇനിയും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 3,815 പേരുടെ നില ഗുരുതരമാണ്.
