ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ആറ് ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി

Update: 2022-05-01 02:40 GMT

കോഴിക്കോട്: ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി. ആളപായമില്ല. കോസ്റ്റ്ഗാര്‍ഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തമൊഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടം. ആന്ത്രോത്തിലേക്ക് പോവുകയായിരുന്ന ഉരുവാണ് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ മുങ്ങിയത്. ഉരു മുങ്ങാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ കോസ്റ്റ്ഗാര്‍ഡിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാര്‍ഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി. ഉരു പൂര്‍ണമായും കടലില്‍ മുങ്ങി.

നിലവില്‍ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടതോടെ ഉരുവിലുണ്ടായിരുന്ന തൊഴിലാളികള്‍ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് കോസ്റ്റ് ഗാര്‍ഡ് എത്തി കരയിലേക്ക് കൊണ്ടുവരികയായിരുന്നു. ബേപ്പൂരില്‍നിന്ന് സിമന്റും കെട്ടിടനിര്‍മാണ സാമഗ്രഹികളുമായാണ് ഉരു ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്.

ഇന്നലെ പുറപ്പെടുന്നതിനു മുമ്പ് 30 കിലോമീറ്റര്‍ ഉരുവുമായി പോയിരുന്നു. ആ സമയത്ത് എന്‍ജിനു തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വീണ്ടും തിരിച്ച് തുറമുഖത്ത് എത്തി. പീന്നീടു തകരാര്‍ മാറ്റിയതിനുശേഷമാണ് യാത്ര തുടര്‍ന്നത്. 10 കിലോമീറ്റര്‍ പോയതിനു പിന്നാലെ എന്‍ജിന്‍ പൂര്‍ണമായും തകരാറിലാകുകയും ഉരു മുങ്ങുകയുമായിരുന്നു. ബേപ്പൂരില്‍നിന്നും പോയ അബ്ദുല്‍ റസ്സാഖിന്റെ ഉടമസ്ഥതയിലുള്ള ഉരുവാണ് അപകടത്തില്‍പ്പെട്ടത്.

Tags: