അര്‍ബന്‍ നക്‌സലുകള്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു: മോദി

Update: 2022-09-23 10:16 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയ പിന്തുണയോടെ രാജ്യത്തിന്റെ വികസനത്തിന് അര്‍ബന്‍ നക്‌സലുകള്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. അര്‍ബന്‍ നക്‌സലുകള്‍ രാഷ്ട്രീയ പിന്തുണയോടെ വികസന പദ്ധതികളെ തടസ്സപ്പെടുത്തുകയും ലോകബാങ്കിനെയും ജുഡീഷ്യറിയെയും സ്വാധീനിക്കുകയും ചെയ്യുന്നതായും മോദി പറഞ്ഞു. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പരിസ്ഥിതിയുടെ പേരില്‍ വികസനം തടയാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതി അനന്തമായി നീണ്ടു പോയതിനു കാരണവും ഇവരാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'സര്‍ദാര്‍ സരോവര്‍ അണക്കെട്ട് സ്തംഭിച്ചു. അതിനെ പരിസ്ഥിതി വിരുദ്ധമെന്ന് വിശേഷിപ്പിച്ചു. പണ്ഡിറ്റ് നെഹ്‌റു അതിന്റെ അടിത്തറ പാകി. പരിസ്ഥിതിയുടെ പേരില്‍ നഗര നക്‌സലുകള്‍ പ്രതിഷേധം തുടര്‍ന്നു. ഞാന്‍ വന്നതിന് ശേഷമാണ് ഇത് വികസിപ്പിച്ചത്,' പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ സമന്വയം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ഏക്താ നഗറില്‍ നടന്ന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ആധുനിക അടിസ്ഥാന സൗകര്യങ്ങളില്ലാതെ രാജ്യത്തിന്റെ വികസനം, നാട്ടുകാരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സാധ്യമല്ല.

പാരിസ്ഥിതിക അനുമതിയുടെ പേരില്‍ രാജ്യത്തെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം എങ്ങനെ കുരുക്കിലാക്കിയെന്ന് നമ്മള്‍ കണ്ടു'. പ്രധാനമന്ത്രി പറഞ്ഞു.

'അര്‍ബന്‍ നക്‌സലുകള്‍ ഇപ്പോഴും നിശബ്ദരായിട്ടില്ല. പല ആഗോള സ്ഥാപനങ്ങളും ഫൗണ്ടേഷനുകളും ഇന്ത്യയില്‍ വികസനം തടയാന്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യയുടെ വികസനത്തെ തടസ്സപ്പെടുത്താന്‍ നഗര നക്‌സലുകള്‍ അവരുടെ താളത്തില്‍ നൃത്തം ചെയ്യുന്നു. അവര്‍ ലോക ബാങ്കിനെയും രാജ്യത്തെ ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരുടെ ഗൂഢാലോചനകളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സമഗ്രമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണെന്നും അത് അതിന്റെ പരിസ്ഥിതിയെ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുകൂടിയ പരിസ്ഥിതി മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വനവിസ്തൃതി വര്‍ദ്ധിച്ചു, തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതിയും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മോദി പറഞ്ഞു.

Tags:    

Similar News