യുപി മന്ത്രിസഭയില്‍ അഴിച്ചുപണിയോ...?; ഭിന്നതകള്‍ക്കിടെ അഭ്യൂഹം ശക്തമാക്കി യോഗി-ഗവര്‍ണര്‍ കൂടിക്കാഴ്ച

Update: 2024-07-17 15:32 GMT

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയിലുണ്ടായ ഭിന്നതകള്‍ക്കിടെ അഭ്യൂഹം ശക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന നേതൃത്വത്തിലും മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടത്. ഈമാസം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തിയതെന്നാണ് വിശദീകരണം. എന്നാല്‍,

    10 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രധാന ചര്‍ച്ചയെന്നും റിപോര്‍ട്ടുകളുണ്ട്. ഇതിനു പുറമെയാണ് മന്ത്രിസഭയിലെ അഴിച്ചുപണിക്കു വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഒമ്പത് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ അഖിലേഷ് യാദവ് രാജിവച്ച കര്‍ഹാളും ഉള്‍പ്പെടുന്നു. ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എസ് പി എംഎല്‍എ ഇര്‍ഫാന്‍ സോളങ്കി അയോഗ്യനാക്കപ്പെട്ടതിനാലാണ് ഒരു സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി സര്‍ക്കാരിനും ബിജെപിക്കും അതിനിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്.

    ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ യോഗിക്കെതിരേ രംഗത്തെത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നുയോഗത്തിലെ പരാമര്‍ശം ഭിന്നത രൂക്ഷമാണെന്നതിന്റെ തെളിവായിരുന്നു. കേശവ് പ്രസാദ് മൗര്യ ജെ പി നദ്ദയെ കണ്ടതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മോദിയുടെ വസതിയിലും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: