കാണ്‍പൂര്‍: ഉന്നാവോയിലെ കൂട്ടബലാല്സംഗക്കൊലകളില് പ്രതിഷേധം ശക്തമാവുന്നതിനിടെ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. കാണ്‍പൂരില്‍ അയല്വാസികളാല് ബലാല്‍സംഗത്തിനിരയായ 17കാരിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്താണ് ആത്മഹത്യ ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് അനുരാഗ് വാട്സ് പറഞ്ഞു. പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്കി. പിറ്റേന്നാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചു. വിവരമറിഞ്ഞ പോലിസ് പെണ്‍കുട്ടിയെ അവളുടെ ഛൗഭേപൂരിലെ അമ്മാവന്റെ വീട്ടിലേക്ക് കൗണ്‍സലിങ്ങിനായി അയച്ചു. എന്നാല്‍ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി തൂങ്ങിമരിച്ചെന്നും ശനിയാഴ്ച രാവിലെയാണ് വിവരം പോലിസിനെ അറിയിച്ചതെന്നും ഛൗഭേപൂര് സ്റ്റേഷന് ഓഫിസര്‍ രാകേഷ് കുമാര്‍ മൗര്യ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.