യുപിയില്‍ പോലിസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Update: 2020-10-18 08:34 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ പോലിസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പോലിസുകാരനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി അപകടനില തരണം ചെയ്തിട്ടില്ല. യുവതിയെ പീഡനത്തിനിരയാക്കിയ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. അമിത്തിനെ സസ്‌പെന്‍ഡ് ചെയ്തതായും യുപി പോലിസ് അറിയിച്ചു.

ആറ് മാസമായി യുവതിയെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിന് പിന്നാലെ ഇത് പിന്‍വലിക്കാന്‍ പോലിസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഈ ഭീഷണിക്ക് പിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അറസ്റ്റിലായ പ്രതിക്ക് നിയമപരവും വകുപ്പുതലവുമായ നടപടി നേരിടേണ്ടിവരുമെന്ന് പോലിസ് പറഞ്ഞു.