ക്ഷേത്ര ഭൂമി തര്‍ക്കം; യുപിയില്‍ വെടിയേറ്റ പൂജാരി ഗുരുതരാവസ്ഥയില്‍

Update: 2020-10-11 09:37 GMT

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ക്ഷേത്ര പൂജാരിക്ക് നേരെ വെടിവയ്പ്പ്. ഗോണ്ട ജില്ലയിലെ റാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാത് ദാസിനാണ് വെടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു സംഘം അജ്ഞാതരെത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവുമായി ബന്ധപെട്ട് നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗോണ്ട പോലിസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ പൂജാരിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ ലക്‌നോവിലെ വിദഗ്ധ ചികില്‍സക്കായി കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കരൗലി ജില്ലയില്‍ മീണ സമുദായത്തില്‍ പെട്ട ഏതാനും പേര്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് പൂജാരിയെ തീവച്ചു കൊലപ്പെടുത്തിരുന്നു. പൂജാരിയുടെ കുടുംബം ഉയര്‍ത്തിയ പ്രതിരോധം സര്‍ക്കാര്‍ ഇടപെട്ട് തണുപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സംസ്്കരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശം ഉള്‍പ്പെടുന്ന സപോത്ര പോലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ മേധാവിയെയും മറ്റൊരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റി. അവര്‍ക്കെതിരേ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.













Tags: