കാമുകനോടൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് മുസ് ലിം യുവാവിനെ അറസ്റ്റ് ചെയ്തു

Update: 2020-12-31 15:32 GMT

ഗോരഖ്പൂര്‍: കാമുകനോടൊപ്പം പോയ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ മുസ് ലിം യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചെന്ന് ആരോപിച്ചാണ് മന്‍സൂര്‍(26) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബറില്‍ പെണ്‍കുട്ടി യുവാവിനോടൊപ്പം പോയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് പോലിസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇതര സമുദായത്തില്‍പ്പെട്ട പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും ബുധനാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തിയതായും പോലിസ് പറഞ്ഞു. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായെന്നും ഇടപെടരുതെന്നും പോലിസിനോട് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് അവളുടെ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രായം 17 വയസ്സാണെന്ന് പോലിസ് വ്യക്തമാക്കി. ഹൈസ്‌കൂള്‍ മാര്‍ക്ക്ഷീറ്റ് അനുസരിച്ച് അവള്‍ക്ക് 17 വയസ്സ് പ്രായമാണെന്നു പോലിസ് ഉദ്യോഗസ്ഥന്‍ സന്തോഷ് യാദവ് പറഞ്ഞു.

    പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. യുവാവിനെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോവല്‍, സ്ത്രീയെ തട്ടിക്കൊണ്ടുപോവല്‍ അല്ലെങ്കില്‍ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പരിശോധനയ്ക്കു ശേഷം 'ലൗ ജിഹാദ്' നിരോധന നിയമം ചുമത്തുമെന്നും പോലിസ് അറിയിച്ചു.

UP Man Arrested For Allegedly Kidnapping, Forcibly Marrying 17-Year-Old Girl

Tags: