യുപിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം; അഞ്ചുപേര്‍ കുടുങ്ങിക്കിടക്കുന്നു

Update: 2023-01-25 01:57 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ വസീര്‍ ഹസന്‍ഗഞ്ജ് മേഖലയിലെ പാര്‍പ്പിട സമുച്ഛയത്തിലെ കെട്ടിടം തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ ഏഴ് പേരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 ഓളം പേര്‍ ആദ്യം കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ഇവരെ പുറത്തെടുക്കുകയായിരുന്നു. അവസാനമായി 14 പേരെയാണ് രക്ഷപ്പെടുത്തിയത്. അഞ്ചുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാത്രി എട്ടോടെയാണ് നാലുനിലകളുള്ള കെട്ടിടം തകര്‍ന്ന് വീണത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടത്തിന് ഇളക്കം സംഭവിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്.

അപകടം സംഭവിക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ എട്ട് കുടുംബങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിഭ്രാന്തരായ പ്രദേശവാസികളെയും കെട്ടിടത്തിലെ താമസക്കാരെയും അധികൃതര്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലത്തുണ്ട്. സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ ഉള്‍പ്പെടുന്ന തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഹസ്രത്ഗഞ്ച് പഴയ കെട്ടിടങ്ങളാല്‍ നിറഞ്ഞതാണ്. അലയ അപ്പാര്‍ട്ട്‌മെന്റ് എന്ന പേരിലാണ് ഇന്ന് തകര്‍ന്നുവീണത്. ആശുപത്രികളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കാന്‍ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ദു:ഖം രേഖപ്പെടുത്തി.

Tags:    

Similar News