ഹാത്രാസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാര്‍; കൂടുതല്‍ നഷ്ടപരിഹാരം നല്‍കണം': രാഹുല്‍ ഗാന്ധി

Update: 2024-07-05 07:41 GMT

ലഖ്നൗ: ഹാത്രാസ് ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാരാണ്. യോഗി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ഈ തുക തീരെ കുറവാണെന്ന് രാഹുല്‍ പ്രതികരിച്ചു. പാവപ്പെട്ടവരാണ് മരിച്ചത്. അതിനാല്‍ സഹായധനം വര്‍ദ്ധിക്കപ്പണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. രാവിലെ അലിഗഡില്‍ എത്തിയ രാഹുല്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഹാത്രാസ് സംഭവം യുപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

കേസില്‍ അറസ്റ്റിലായ ആറ് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ശിവ പ്രകാശ് മധുക്കറിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പോലിസ് പ്രഖ്യാപിച്ചു. പരിപാടിക്ക് അനുമതി തേടിയവര്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തതെന്നും ഭോലെ ബാബയുടെ പേരില്‍ അല്ല അനുമതി നല്‍കിയതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇക്കാരണത്താലാണ് ബാബക്കെതിരെ കേസ് എടുക്കാത്തതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഭോലെ ബാബ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല.

ഭോലെ ബാബയുടെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ എ പി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.

ഹാത്രസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. തിക്കിലും തിരക്കിലും പെട്ട് 130 പേരാണ് മരിച്ചത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍, ബാഗുകള്‍ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നതായി വ്യക്തമായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ഇന്നലെ യോഗം ചേര്‍ന്നു. ദൃക്‌സാക്ഷികളുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെയും മൊഴി എടുക്കും. കമ്മീഷന്‍ സംഭവ സ്ഥലം സന്ദര്‍ശിക്കും.


Tags: