ബാബരി തകര്‍ത്ത കുറ്റവാളികളുടെ പേരുകള്‍ യുപിയിലെ റോഡുകള്‍ക്ക് നല്‍കാന്‍ നീക്കം
റോഡുകള്‍ക്ക് 'ബലിദാനി രാം ഭക്ത് മാര്‍ഗ്' എന്നായിരിക്കും പേരിടുക.
അയോധ്യ: ബാബരി മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ കര്‍സേവയ്ക്കിടെ മരിച്ച കുറ്റവാളികളുടെ പേരുകള്‍ ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് നല്‍കാന്‍ യോഗി സര്‍ക്കാര്‍ നീക്കം. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി അയോധ്യയില്‍ എത്തിയവേളയിലാണ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ ഇക്കാര്യം അറിയിച്ചത്. റോഡുകള്‍ക്ക് 'ബലിദാനി രാം ഭക്ത് മാര്‍ഗ്' എന്നായിരിക്കും പേരിടുക. ജീവന്‍ നഷ്ടമായ കര്‍സേവകരുടെ വീട്ടിലേക്കുള്ള റോഡുകള്‍ക്കാണ് ഇങ്ങനെ പേര് നല്‍കുക. ശിലാഫലകത്തില്‍ മരണപ്പെട്ടയാളുടെ പേരും ഫോട്ടോയും ആലേഖനം ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ശത്രുക്കളോടുളള പോരാട്ടത്തിനിടെ തങ്ങളുടെ ജീവന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച സൈനികര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും ആദരവര്‍പ്പിക്കുന്നതിനായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.