'പൊളിക്കല്‍' നിയമപ്രകാരം, പ്രവാചക നിന്ദ പ്രതിഷേധവുമായി ബന്ധമില്ല; യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Update: 2022-06-22 06:48 GMT

ന്യൂഡല്‍ഹി: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ചുനീക്കിയ നടപടിയില്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയതിന് പ്രവാചക നിന്ദയ്‌ക്കെതിരേ നടത്തിയ പ്രതിഷേധവുമായി ബന്ധമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. പൊളിക്കല്‍ നടപടികള്‍ നിയമാനുസൃതമാണ്. പ്രതിഷേധക്കാര്‍ക്കെതിരേ പ്രത്യേക നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെന്നും യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പൊളിക്കല്‍ പ്രതികാരബുദ്ധിയോടെയാവരുതെന്നും നിയമപ്രകാരമായിരിക്കണമെന്നും നിര്‍ദേശിച്ച കോടതി, യുപി സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഹരജിയില്‍ മറുപടി നല്‍കാന്‍ മൂന്ന് ദിവസം കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇതുപ്രകാരം യുപി സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് അനധികൃത നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കിയതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഹരജിക്കാരന് പിഴ ചുമത്തി ഹരജി തള്ളണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള പതിവ് ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കലുകള്‍. അതിനായി വളരെക്കാലം മുമ്പുതന്നെ നോട്ടീസ് നല്‍കിയിരുന്നു. ഹരജിക്കാരന്‍ പൊളിക്കലുകളെ പ്രവാചക നിന്ദാ പ്രതിഷേധവുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി പ്രാദേശിക വികസന അധികാരികള്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. മതിയായ അവസരം നല്‍കിയതിന് ശേഷമാണ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത്.

പ്രയാഗ്‌രാജ് സംഭവവുമായി ഇതിന് യാതൊരു ബന്ധവുമില്ല. നിയമത്തിന്റെ കൃത്യമായ നടപടിക്രമങ്ങള്‍ പിന്തുടരുകയാണ് ചെയ്തത്- സര്‍ക്കാര്‍ വിശദീകരിക്കുന്നു. പൊളിക്കലിന് ഇരയായ ഒരു കക്ഷിയും കോടതിയില്‍ ഹരജി നല്‍കിയിട്ടില്ലെന്നും അങ്ങനെ ഹരജി നല്‍കണമെങ്കില്‍ ആദ്യം ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്നും യുപി സര്‍ക്കാര്‍ വാദിച്ചു. കാണ്‍പൂരിലെ രണ്ട് കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. നഗരാസൂത്രണ നിയമപ്രകാരമുള്ള നടപടികള്‍ പ്രതിഷേധത്തിന് വളരെ മുമ്പുതന്നെ ആരംഭിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജംഇയ്യത്ത് ഉലമായെ ഹിന്ദ് നിയമാനുസൃതമായ നടപടിക്ക് മോശം നിറം നല്‍കാനാണ് ശ്രമിച്ചത്.

ചില സംഭവങ്ങളുടെ ഏകപക്ഷീയമായ മാധ്യമ റിപോര്‍ട്ടിങ് തിരഞ്ഞെടുത്ത് സംസ്ഥാനത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ചട്ടങ്ങള്‍ക്കനുസൃതമായി കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നതത്. ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയവ പ്രകാരമാണ് നടപടി സ്വീകരിച്ചുവരുന്നതെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

പൊളിക്കല്‍ നടപടികള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നീതിയുക്തമായിരിക്കണമെന്നും എല്ലാം ന്യായമായി കാണണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത നടപടികളാണ് യുപിയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ സി യു സിങ്, ഹുസേഫ അഹമദി എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വീടുകള്‍ അനധികൃതമായി പൊളിച്ചുനീക്കീയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

Tags: