ഷുഐബ് അഫ്താബിനൊപ്പം അകാൻക്ഷ സിങ്ങിനെ നീറ്റ് ടോപ്പറായി തിരഞ്ഞെടുക്കണമെന്ന് യോഗി ആദിത്യനാഥ്

എൻ‌ടി‌എയുടെ ടൈ ബ്രേക്കിങ് നയപ്രകാരം, പ്രായം, വിഷയം തിരിച്ചുള്ള മാർക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം എന്നിവ പോലുള്ള ഘടകങ്ങളാണ് റാങ്ക് നിശ്ചയിക്കുന്നതിൽ മാനദണ്ഡങ്ങൾ.

Update: 2020-10-29 06:44 GMT

ലഖ്നോ: സോയബ് അഫ്താബിനൊപ്പം അകാൻക്ഷ സിങ്ങിനെ നീറ്റ് ടോപ്പറായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (എൻ‌ടി‌എ) കത്ത് നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

നീറ്റ് 2020 ൽ 720 മാർക്കിൽ 720 മാർക്ക് നേടിയത് സോയേബ് അഫ്താബ്, അകാൻക്ഷ സിങ് എന്നിവരാണ്. എന്നിരുന്നാലും, ഫലങ്ങളിൽ സോയേബ് അഫ്താബ് ഒന്നാം സ്ഥാനത്തും തുല്യ മാർക്ക് നേടിയിട്ടും അകാൻഷ സിങ് രണ്ടാം സ്ഥാനത്തും എത്തി. എൻ‌ടി‌എയുടെ ടൈ ബ്രേക്കിങ് നയപ്രകാരം, പ്രായം, വിഷയം തിരിച്ചുള്ള മാർക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം എന്നിവ പോലുള്ള ഘടകങ്ങളാണ് റാങ്ക് നിശ്ചയിക്കുന്നതിൽ മാനദണ്ഡങ്ങൾ. വിഷയം തിരിച്ചുള്ള മാർക്കും തെറ്റായ ഉത്തരങ്ങളുടെ എണ്ണവും രണ്ടുപേരും തുല്യരാണ്. അവരുടെ പ്രായമാണ് പിന്നീട് റാങ്ക് നിർണയിക്കുന്ന ഘടകമായി മാറിയത്.

നീറ്റ് പരീക്ഷയിൽ ഒഡീഷയിലെ സോയേബ് അഫ്താബ്, യുപിയിലെ അകൻക്ഷ സിങ് എന്നിവർ 720 സ്കോർ നേടിയിട്ടുണ്ട്. എന്നിരുന്നാലും, അഫ്താബിന് പ്രായം കൂടുതൽ ഉള്ളതിനാൽ ദേശീയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബയോളജി, കെമിസ്ട്രി എന്നിവയിൽ ലഭിച്ച സ്കോറുകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷാർത്ഥിയുടെ റാങ്കിങ് ആദ്യം നിർണയിക്കുന്നത്. അവരുടെ പ്രായം അനുസരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടും. മൂത്തയാൾക്ക് മുൻഗണന ലഭിക്കുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അതേസമയം, എല്ലാ പെൺകുട്ടികൾക്കും ഒരു മാതൃകയാണെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ് അകാൻഷ സിങ്ങിനെ അനുമോദിച്ചു. യുപിയിലെ കുശിനഗർ ജില്ല സ്വദേശിയായ അകാൻഷയുടെ ബിരുദതല പഠനത്തിനൊപ്പം ഭക്ഷണവും പാർപ്പിടവും മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് യോ​ഗി പ്രഖ്യാപിച്ചു.