യുപിയില്‍ ബലാല്‍സംഗക്കേസില്‍ ബിജെപി യുവനേതാവ് അറസ്റ്റില്‍

ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ വാരണസി യൂനിറ്റ്(കാശി പ്രാന്ത്) വൈസ് പ്രസിഡന്റ് ശ്യാം പ്രകാശ് ദ്വിവേദിയെയാണ് അറസ്റ്റ് ചെയ്തത്

Update: 2020-10-04 13:31 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ബിജെപി യുവ നേതാവിനെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്തു. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ വാരണസി യൂനിറ്റ്(കാശി പ്രാന്ത്) വൈസ് പ്രസിഡന്റ് ശ്യാം പ്രകാശ് ദ്വിവേദിയെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന ഇയാളെ പ്രയാഗരാജ് ബക്ഷി ഡാമിനു സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. ബിരുദ വിദ്യാര്‍ഥിനി കേണല്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസിലെ മറ്റൊരു പ്രതി അനില്‍ ദ്വിവേദിയെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

    തോക്ക് ചൂണ്ടി ബലാല്‍സംഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ബിരുദ വിദ്യാര്‍ഥിനി രണ്ടാഴ്ച മുമ്പാണ് പോലിസില്‍ പരാതി നല്‍കിയത്. സ്വന്തം ഹോട്ടലിലെത്തിച്ചശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ശ്യാം പ്രകാശ് ദ്വിവേദി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്‌തെന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഭയന്ന് കുടുംബം സംഭവം പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കുമെന്ന് സിറ്റി എസ്പി ദിനേശ് സിങ് പറഞ്ഞു.

UP BJP Youth Leader Arrested on Rape Charges in Prayagraj




Tags:    

Similar News