ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്ക് യുപി പോലിസിന്റെ ക്ലീന്‍ചിറ്റ്; അനന്തരവന്‍ അറസ്റ്റില്‍

അതേസമയം, വൈദ്യപരിശോധന നടത്താന്‍ യുവതി വിസമ്മതിച്ചു.

Update: 2020-02-22 14:11 GMT

ഭാദോഹി(യുപി): കൂട്ടബലാല്‍സംഗക്കേസില്‍ ഭാദോഹിയില്‍നിന്നുള്ള ബിജെപി എംഎല്‍എ രവീന്ദ്ര നാഥ് ത്രിപാഠിക്ക് പോലിസിന്റെ ക്ലീന്‍ ചിറ്റ്. ത്രിപാഠിക്കെതിരേ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും അനന്തരവനെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. പോലിസ് ബുധനാഴ്ച സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ചുപേരെയും ബലാല്‍സംഗക്കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017ല്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ച് 40കാരിയായ യുവതിയുടെ പരാതിയിലാണ് രവീന്ദ്ര നാഥ് ത്രിപാഠിക്കും അഞ്ച് ബന്ധുക്കള്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ ഭാദോഹി എംഎല്‍എയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ തെളിവുകളൊന്നും കണ്ടെത്തിയില്ലാത്തതിനാലാണ് അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന്‍ രാം ബദാന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    അതേസമയം, കേസില്‍ രവീന്ദ്ര നാഥ് ത്രിപാഠിയുടെ അനന്തരവന്‍ സന്ദീപ് തിവാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്‌ഐആറില്‍ പേരുള്ള കുടുംബത്തിലെ മറ്റൊരു അംഗമായ നീതേഷിനെതിരേ യുവതിയെ മാനഭംഗപ്പെടുത്തിയതിനു കേസെടുത്തിട്ടുണ്ട്. യുവതിയില്‍ നിന്നു മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ഗുലാഫ്ഷ വനിതാ പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള രണ്ടംഗ സംഘത്തിന് അന്വേഷണം കൈമാറുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിക്കാരിയുടെ ആരോപണം സ്ഥിരീകരിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്താന്‍ സംഘത്തിനു കഴിഞ്ഞില്ലെന്ന് രാം ബദാന്‍ സിങ് പറഞ്ഞു.

    അതേസമയം, വൈദ്യപരിശോധന നടത്താന്‍ യുവതി വിസമ്മതിച്ചു. 2016ല്‍ വിവാഹ വാഗ്ദാനം നല്‍കി ത്രിപാഠി തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതിക്കാരിയായ വിധവ ആരോപിച്ചിരുന്നത്. വിവാഹം കഴിക്കുമെന്ന് പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറഞ്ഞിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപാഠി ഒരു മാസം ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചെന്നും പ്രതികളായ ഏഴുപേരും ഹോട്ടലിലെത്തി തന്നെ നിരന്തരം ബലാല്‍സംഗം ചെയ്തുമെന്നും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.


UP BJP MLA Gets Clean Chit In Gangrape Case, Nephew Arrested




Tags: