യുപിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പശുവിനെ പരിചരിക്കാന്‍ 7 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍; ഉത്തരവുമായി ചീഫ് വെറ്ററിനറി ഓഫിസര്‍
ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം നിരവധി കുട്ടികള്‍ മരിച്ചുവീണ ഉത്തര്‍ പ്രദേശില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.
ലഖ്‌നൗ: ഒരു വ്യക്തി തന്റെ വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്നത് അസാധാരണമല്ല. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്റെ അസുഖം ബാധിച്ച പശുവിനെ പരിചരിക്കാന്‍ ഏഴ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തിയെന്ന റിപോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം നിരവധി കുട്ടികള്‍ മരിച്ചുവീണ ഉത്തര്‍ പ്രദേശില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് അനുപ്രിയ ദുബെയുടെ അസുഖമുള്ള പശുവിനെ ചികിത്സിക്കാന്‍ ഫത്തേപൂര്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.എസ് കെ തിവാരി ജില്ലയിലെ ഏഴ് വെറ്ററിനറി ഡോക്ടര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗബാധിതരായ പശുക്കളെ മൃഗഡോക്ടര്‍മാര്‍ ദിവസവും രാവിലെയും വൈകുന്നേരവും രണ്ടുതവണ പരിശോധന നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു. ഈ പരിശോധനകള്‍ക്ക് ശേഷം ചീഫ് വെറ്ററിനറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ മാസം ഒമ്പതിനാണ് ഡോ.എസ് കെ തിവാരിയുടെ ഉത്തരവ് പുറത്തിറങ്ങിയത്.