ഗസ വിടണമെന്ന് യുഎന്‍ ഏജന്‍സിക്ക് ഇസ്രായേലിന്റെ ഭീഷണി

Update: 2024-02-23 12:36 GMT
ഗസാ സിറ്റി: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഫലസ്തീനില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയോട് ഗസ വിടാന്‍ ഇസ്രായേലിന്റെ ഭീഷണി. കിഴക്കന്‍ ജെറുസലേം ആസ്ഥാനമായി 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍നിന്ന് ഉടന്‍ ഒഴിഞ്ഞുപോവണമെന്നാണ് യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുദ്ധത്തില്‍ തകര്‍ന്ന ഗസ നിവാസികളുടെ ഭക്ഷണവും ചികില്‍സയും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഏക ആശ്രയമാണ് ഇതോടെ ഇല്ലാതാവുക. ഏജന്‍സിയെ തകര്‍ക്കാന്‍ ഇസ്രായേല്‍ വിവിധ തരത്തിലുള്ള നീക്കം നടത്തുന്നുവെന്ന ഗുരുതര ആരോപണമാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സിയുടെ മേധാവി ഫിലിപ്പ് ലസാരിനി ഉന്നയിച്ചത്. സ്വിസ് ന്യൂസ്‌പേപ്പര്‍ ഗ്രൂപ്പായ തമീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്നതിനെതിരേ ലോകമൊന്നാകെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഇസ്രായേല്‍ തങ്ങളുടെ ആക്രമണപദ്ധതി വിപുലീകരിക്കുകയാണ്. 140 ദിവസം പിന്നിട്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തിന് അടുത്തെത്തി. ലക്ഷക്കണക്കിന് പേരാണ് പരിക്കേറ്റും അഭയാര്‍ഥികളായും കഴിയുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് ഏക ആശ്രയമായ യുഎന്‍ ഏജന്‍സിയെയാണ് ഏറ്റവുമൊടുവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി കിഴക്കന്‍ ജെറുസലേമില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന കേന്ദ്രം ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് പിഴയായി 4.5 മില്ല്യണ്‍ ഡോളര്‍ അഥവാ 37.29 കോടി രൂപ ഫീസ് നല്‍കാനും ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റി ഉത്തരവിട്ടതായി ഫിലിപ്പ് ലസാരിനി വെളിപ്പെടുത്തി. യുഎന്‍ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ ഡെന്നിസ് ഫ്രാന്‍സിസിന് ഇതുസംബന്ധിച്ച് ലസാരിനി കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. 1952ല്‍ ജോര്‍ദാനാണ് കേന്ദ്രം യുഎന്‍ആര്‍ഡബ്ല്യുഎക്ക് നല്‍കിയത്. അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് വിവിധ രാജ്യങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായം റദ്ദാക്കാന്‍ ഇസ്രായേല്‍ നേരത്തേ അന്താരാഷ്ട്ര തലത്തില്‍ നീക്കം നടത്തിയിരുന്നു. പല രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതുകാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ഓഫിസ് കെട്ടിടം തന്നെ ഒഴിയണമെന്ന ഭീഷണി. മാത്രമല്ല, ഏജന്‍സിയിലെ ജീവനക്കാര്‍ക്കുള്ള എന്‍ട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രായേല്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. നികുതി ഇളവ് ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്ന് ഇസ്രായേലി ധനമന്ത്രി തന്നെ ഭീഷണി മുഴക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഇസ്രായേല്‍ ബാങ്ക് മരവിപ്പിക്കുകയും ഏജന്‍സിക്ക് വരുന്ന ചരക്കുകള്‍ ഇസ്രായേലി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ ജീവന്‍ പോലും അപകടത്തിലാക്കുന്നതാണ് ഇസ്രായേല്‍ നടപടിയെന്ന് ലസാരിനി പറഞ്ഞു. അതേസമയം, ലസാരിനി രാജിവയ്ക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags: