ഉന്നാവോ ബലാല്‍സംഗ ഇരയുടെ വാഹനം അപകടത്തില്‍പെട്ടത് ദുരൂഹമെന്ന് അഖിലേഷ് യാദവ് -കൊല്ലാനുള്ള ഗൂഢാലോചന

സംഭവം വളരെ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്നും അഖിലേഷ് പറഞ്ഞു.

Update: 2019-07-28 18:10 GMT

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇന്നത്തെ അപകടമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കും വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇതില്‍ തലയ്ക്ക് ക്ഷതമേറ്റ അഭിഭാഷകന്‍ മഹേന്ദ്രസിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

സംഭവം വളരെ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ എന്താണ് നടന്നതെന്ന് സിബിഐക്ക് മാത്രമെ തെളിയിക്കാന്‍ കഴിയൂവെന്നും അഖിലേഷ് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്നും അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ റായ്ബറേലി ഫത്തേപൂര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ട്രക്കിന്റെ െ്രെഡവര്‍ ആഷിഷ് പാല്‍, ട്രക്ക് ഉടമ ദേവേന്ദ്ര സിങ് എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.




Tags:    

Similar News