ഉന്നാവോ അപകടം: പെണ്‍കുട്ടിയുടെ യാത്രാവിവരം ബിജെപി എംഎല്‍എയ്ക്ക് ചോര്‍ന്നുകിട്ടിയെന്ന് എഫ്‌ഐആര്‍
പീഡനക്കേസിലെ മുഖ്യപ്രതിയായ കുല്‍ദീപ് സെന്‍ഗറിനും കൂട്ടാളികള്‍ക്കും പെണ്‍കുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കിയെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.
ലഖ്‌നോ: ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് ആസൂത്രിതമാണെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പീഡനക്കേസിലെ മുഖ്യപ്രതിയായ കുല്‍ദീപ് സെന്‍ഗറിനും കൂട്ടാളികള്‍ക്കും പെണ്‍കുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കിയെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും അപകടത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കേസ് പിന്‍വലിക്കുന്നതിന് കുടുംബത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല എന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്.
എന്നാല്‍, കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പെണ്‍കുട്ടിയും ബന്ധുക്കളും നിരസിച്ചതാണെന്നാണ് പോലിസ് ഭാഷ്യം. തങ്ങള്‍ കാറില്‍ അഞ്ചുപേരുണ്ടെന്നും വൈകീട്ട് മടങ്ങിയെത്തുമെന്നും ബന്ധുക്കളായ സ്ത്രീകള്‍ അറിയിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളും തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിക്കുന്നു. പലതവണ എംഎല്‍എയുടെ കൂട്ടാളികള്‍ കോടതിയില്‍ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എംഎല്‍എ കുല്‍ദീപ് സിങ്ങിന്റെ പക്കല്‍ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎല്‍എ നിയന്ത്രിക്കുന്നത് ഫോണ്‍ വഴിയാണെന്നും പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നു.
കാറിലിടിച്ച ട്രക്കിലെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കേസില്‍ ദുരൂഹതയുണര്‍ത്തുന്നതാണ്. അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ശ്വാസകോശത്തിനടക്കം ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അഭിഭാഷകന്റെ നിലയും ഗുരുതരമായി തുടരുകയാണ്. സംഭവം വിവാദമായതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എംഎല്‍എയ്ക്ക് പുറമേ സഹോദരന്‍ മനോജ് സിങ് സെന്‍ഗറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

