ഉന്നാവോ: പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമെന്ന് എയിംസ്
ഇരുവരുടെയും ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്താലാണ്. അബോധാവസ്ഥയിലാണ് ഇവര്‍ കഴിയുന്നത്. ഇതുവരെയായും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും കണ്ടെത്താനായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍. ഇരുവരുടെയും ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്താലാണ്. അബോധാവസ്ഥയിലാണ് ഇവര്‍ കഴിയുന്നത്. ഇതുവരെയായും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും കണ്ടെത്താനായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെയും അഭിഭാഷകനായ മഹേന്ദ്രസിങ്ങിന്റെയും ജീവന്‍ നിലനിര്‍ത്താനുള്ള തീവ്രപരിശ്രമത്തിലാണ് എയിംസിലെ ഡോക്ടര്‍മാര്‍.
മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. ക്രിട്ടിക്കല്‍ കെയര്‍, ഓര്‍ത്തോപീഡിക്‌സ്, ട്രോമാ സര്‍ജറി, പള്‍മനറി മെഡിസില്‍ തുടങ്ങിയ വിഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അവലോകനം ചെയ്യുന്നതിന് മുതിര്‍ന്ന അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സ് മാര്‍ഗം തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. അഭിഭാഷകനെ തൊട്ടടുത്ത ദിവസവും എയിംസിലേക്ക് മാറ്റി.
സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന ഡോക്ടര്‍മാരുടെ റിപോര്‍ട്ടിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ന്യുമോണിയ ബാധിച്ചതാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമാവാന്‍ കാരണമായത്. പെണ്‍കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ശ്വാസകോശത്തില്‍ രക്തസ്രാവമുള്ളതായും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തലയ്‌ക്കേറ്റ പരിക്കിനേക്കാള്‍ ശ്വാസകോശത്തിലെ പരിക്കുകളാണ് സ്ഥിതി ഗുരുതരമാക്കിയത്. ജൂലൈ 28നാണ് റായ്ബറേലിയില്‍വച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്.
പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു. ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗറില്‍നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായും കേസ് പിന്‍വലിക്കാന്‍ എംഎല്‍എയുടെ കൂട്ടാളികള്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. ഇതെത്തുടര്‍ന്ന് എംഎല്‍എയ്ക്കും സഹോദരന്‍ മനോജ് സിങ് സെന്‍ഗറിനും മറ്റ് എട്ടുപേര്‍ക്കുമെതിരേ കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടുകയും ചെയ്തു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഉത്തര്‍പ്രദേശ് സഹമന്ത്രി രവീന്ദ്രപ്രസാദ് സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും പ്രതി ചേര്‍ത്തു. കുല്‍ദീപ് സിങ് സെന്‍ഗറിന്റെ വിശ്വസ്തരില്‍ ഒരാളാണ് അരുണ്‍ സിങ്. കുല്‍ദീപ് സിങ്ങില്‍നിന്ന് ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി സിബിഐയെ വിളിച്ചുവരുത്തുകയും അന്വേഷണത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ പെണ്‍കുട്ടിക്ക് പ്രത്യേക സുരക്ഷയേര്‍പ്പെടുത്താനും സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. 2017 ജൂണ്‍ നാലിനാണ് ഉന്നാവോ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. എല്‍എല്‍എക്കെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതിതേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.

