ഉന്നാവോ അപകടം: ട്രക്ക് സഞ്ചരിച്ചത് വലതുവശത്തുകൂടിയെന്ന് ദൃക്‌സാക്ഷി; ഉടമയെ തിരിച്ചറിഞ്ഞു

ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങ്ങാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുണ്‍ സിങ്. ഉന്നാവോ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാംപ്രതി കൂടിയാണ് ഇയാള്‍.

Update: 2019-08-01 04:02 GMT

ലഖ്‌നോ: ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്. അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതുവശത്തുകൂടിയാണെന്ന് ദൃക്‌സാക്ഷിയായ അര്‍ജുന്‍ സ്വകാര്യചാനലിനോട് പറഞ്ഞു. കാറും ട്രക്കും അമിതവേഗതയിലായിരുന്നു. അപകടത്തിനുശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഇടതുവശത്തുകൂടി സഞ്ചരിക്കേണ്ട ട്രക്ക് വലതുവശത്തുകൂടി സഞ്ചരിച്ചതിന് പിന്നില്‍ അപകടം മനപ്പൂര്‍വമായുണ്ടാക്കിയതാണെന്നാണ് വ്യക്തമാവുന്നത്.


 സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ചതും ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ക്കാന്‍ ശ്രമിച്ചതുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുകൂടാതെ പെണ്‍കുട്ടിയുടെ യാത്രാവിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ചോര്‍ത്തി നല്‍കിയതായും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുത്തിയ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങ്ങാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുണ്‍ സിങ്.

ഉന്നാവോ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാംപ്രതി കൂടിയാണ് ഇയാള്‍. ലക്‌നൗവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് ഞായറാഴ്ച അപകടം നടന്നത്. യുപി 71 എടി 8300 എന്ന ട്രക്കാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറിലിടിച്ചത്. വാഹന നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ സിങ്ങാണ് ട്രക്കിന്റെ ഉടമസ്ഥനെന്ന് പോലിസ് കണ്ടെത്തിയത്. ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുന്നുവെന്ന് കാണിച്ച് അരുണ്‍ സിങ്ങിനെതിരേ പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ജീവന്‍ നിലനിര്‍ത്തുന്നത്. ബുധനാഴ്ച രാത്രിയില്‍ ആരോഗ്യനിലയില്‍ നേരിട പുരോഗതി കണ്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും സ്ഥിതി അത്ര തൃപ്തികരമല്ല. പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റിട്ടുണ്ട്. ചൊവ്വാഴ്ച നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതം കണ്ടെത്താനായിട്ടില്ല. ഡോക്ടര്‍മാരുടെ പ്രത്യേകസംഘം 24 മണിക്കൂര്‍ നിരീക്ഷണിച്ചുവരികയാണ്. പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണെന്നും ഡോ. സന്ദീപ് തിവാരി പ്രതികരിച്ചു. 

Tags: