ഹോംഗാര്‍ഡിനെ വധിക്കാന്‍ ശ്രമം; കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍, മരുമകന്‍ ഒളിവില്‍

കേസില്‍ ഒളിവിലുള്ള മോനു പട്ടേലിന്റെ പിതാവ് നേരത്തേ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു

Update: 2019-06-18 19:16 GMT
കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും മകന്‍ പ്രഭല്‍ പട്ടേലും(ഇടത്)
ഭോപാല്‍: ഹോംഗാര്‍ഡിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യപ്രദേശിലെ ബിജെപി നേതാവായ കേന്ദ്രമന്ത്രിയുടെ മകനെ പോലിസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങിന്റെ മകന്‍ പ്രഭല്‍ പട്ടേലിനെ(26)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയും മന്ത്രിയുടെ മരുമകനുമായ ബിജെപി എംഎല്‍എ ജലംസിങ് പട്ടേലിന്റെ മകന്‍ മോനു പട്ടേലിനെ കണ്ടെത്താന്‍ പോലിസ് ശ്രമം ഊര്‍ജ്ജിതമാക്കി. മധ്യപ്രദേശിലെ ഗോഡ്ഗാവ് നരസിങ്പൂര്‍ ജില്ലയിലെ ഹോംഗാര്‍ഡ് ഈശ്വര്‍ റായി(50)യെയാണ് ഏഴംഗ സംഘം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം. കേന്ദ്ര മന്ത്രിയുടെ മകനും മരുമകനും സഹായികളും ചേര്‍ന്ന് ആക്രമണം നടത്തിയത്. ഹോംഗാര്‍ഡ് ഈശ്വര്‍ റായിയുടെ മകന് നേരത്തേ ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു. ഇതേത്തുടര്‍ന്ന് വീടിനുമുന്നിലെത്തിയ സംഘം റായിയുടെ മകനെ വിളിച്ചുവരുത്തുകയും വടിയും ബേസ്‌ബോള്‍ ബാറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് ഈശ്വര്‍ റായിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലിസ് 20 പേര്‍ക്കെതിരേ ഐപിസി 307 കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോവല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

    കേസില്‍ ഒളിവിലുള്ള മോനു പട്ടേലിന്റെ പിതാവ് നേരത്തേ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍, സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ ജബല്‍പൂരിലാണെന്നും കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശപ്രകാരം വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്നും ജലം സിങ് പട്ടേല്‍ ആരോപിച്ചു. എന്നാല്‍, നര്‍മദ നദിയില്‍ നിന്നു അനധികൃത മണല്‍ കടത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് വക്താവ് നരേന്ദ്രസിങ് സലൂജ പറഞ്ഞു. ഹോംഗാര്‍ഡിനെയും മകനെയും ആക്രമിച്ചതിനു മണല്‍ക്കടത്തുമായി ബന്ധമുണ്ടെന്നാണു പോലിസും പറയുന്നത്.



https://www.ndtv.com/india-news/union-minister-prahlad-singh-patels-son-charged-with-attempt-to-murder-in-madhya-pradesh-2055440?pfrom=home-topscroll




Tags:    

Similar News