ഇന്ധന വില വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി
വർഷം 35,000 കോടി രൂപയാണ് കൊവിഡ് വാക്സിനായി ചെലവഴിക്കുന്നതെന്നും ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. എന്നാൽ അത് കണക്കിലെടുത്ത് വില കുറയ്ക്കാൻ കഴിയില്ലെന്നും ഇതിൽ നിന്നു കിട്ടുന്ന വരുമാനം ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുതി വയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
വർഷം 35,000 കോടി രൂപയാണ് കൊവിഡ് വാക്സിനായി ചെലവഴിക്കുന്നതെന്നും ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മെയ് നാലിൽ തുടങ്ങി 23 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. രാജ്യത്തെ ചില നഗരങ്ങളിൽ പെട്രോൾ വില 100 രൂപയിലെത്തിയിട്ടുണ്ട്.
ദരിദ്രർക്ക് എട്ട് മാസം ഭക്ഷ്യധാന്യം നൽകുന്നതിനായി പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതിയിൽ ഒരുലക്ഷം കോടി രൂപയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അനുവദിച്ചിട്ടുള്ളത്. പ്രധാൻ മന്ത്രി കിസാൻ പദ്ധതിയിൽ കോടികളാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇതെല്ലാം ഈ വർഷമാണ് നൽകിയതെന്നുമാണ് പ്രധാനിന്റെ വാദം.
ഇന്ധന വില വർധനയിൽ കേന്ദ്രത്തിനെതിരെ വിമർശനങ്ങളുയർത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പ്രധാൻ പ്രതികരിച്ചു. വിഷയത്തിൽ രാഹുലിന് ആശങ്കയുണ്ടെങ്കിൽ ഭരണത്തിൽ കോൺഗ്രസ് പങ്കാളിയായ രാജസ്ഥാനിലും മഹാരാഷ്ട്രയിലും വില കുറയ്ക്കാൻ അവിടുത്തെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടാൻ അദ്ദേഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
