കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് പൊടിക്കൈകള്‍ക്ക് സാധ്യത

കര്‍ഷക രോഷം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും ഇന്നത്തെ ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

Update: 2019-02-01 00:58 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. കര്‍ഷക രോഷം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും ഇന്നത്തെ ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ബുധനാഴ്ച സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളില്‍ നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. മുത്ത്വലാഖ് ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്, കമ്പനീസ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നിവയ്ക്കു പകരം ബില്‍ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്. സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്ച സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.  

Tags: