ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്നു. ആറു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.9 ശതമാനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് എത്തിയത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ )പുറത്തുവിട്ട് റിപോര്‍ട്ടിലാണ് വ്യക്തമാവുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പലസംസ്ഥാനങ്ങളിലും അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇക്കാലയളവില് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതെന്ന് റിപോര്‍ട്ട് പറയുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തി. തൊഴില്‍ വിപണിയിലെ മോശം അവസ്ഥയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടി.
ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 9.11 ശതമാനമായും നഗരമേഖലയിലേത് 11.62 ശതമാനമായും കുതിച്ചു. ഈ മാസം ആറിന് അവസാനിച്ച ആഴ്ചയില്‍ മൊത്തം തൊഴിലില്ലായ്മനിരക്ക് 8.43 ശതമാനവും ഗ്രാമീണമേഖലയില്‍ 8.56 ശതമാനവും നഗരമേഖലയില്‍ 8.15 ശതമാനവുമായിരുന്നു. ജൂണ്‍ 14ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് 11.67 ശതമാനമായിരുന്നു. രാജ്യത്ത് നിരന്തരമായ തൊഴില്‍ നഷ്ടവും വേതന നിരക്കും വരുമാന നിലവാരവും കുറയുന്നത് തൊഴിലാളികളെ തൊഴില്‍ വിപണിയില്‍ തുടരുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു,'' സിഎംഐഇ വ്യക്തമാക്കുന്നു.
