വഴിവിളക്കുകള്‍ സ്ഥാപിക്കാൻ അനധികൃത പണപ്പിരിവ്; സാബു എം ജേക്കബിനെതിരേ പോലിസ് എഫ്ഐആർ ഇട്ടേക്കും
കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതിയിൻമേൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുന്നത്തുനാട് പോലിസ്
കൊച്ചി: വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ചതായി കെഎസ്ഇബി. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പോലിസില്‍ പരാതി നല്‍കി.
വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചാരണം. വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തിക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയില്ലെന്നിരിക്കെയാണ് ട്വന്റി-20 നടപടി. നവമാധ്യമങ്ങള്‍ വഴിയാണ് അനധികൃതമായി ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരണം നടത്തുന്നത്.
ജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തെരുവ് വിളക്കുകളുടെ പ്രസക്തിയേറുകയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുന്നതെന്ന് അനധികൃത ഫണ്ട് പിരിവിനായി പ്രസിദ്ധീകരിച്ച പോസ്റ്റിൽ പറയുന്നു. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3ാം തീയതി രാത്രി 12 മണിവരെ 14,27,970 ( പതിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത് ) രൂപയാണ് കിട്ടിയതെന്നും പ്രചാരണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
സാബു എം ജേക്കബ് എന്ന വ്യക്തി അഞ്ച് പഞ്ചായത്തുകളിലെ വൈദ്യുത പോസ്റ്റുകളില്‍ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വൈദ്യുതി പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ കെഎസ്ഇബി അനുവാദം നല്‍കിയിട്ടില്ലെന്ന് കെഎസ്ഇബിയുടെ പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ പോലിസ് അനധികൃത ഫണ്ട് പിരിവിനെതിരേ പോലിസ് കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതിയിൻമേൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുന്നത്തുനാട് പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു.

