കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍

വിഷയത്തില്‍ അടഞ്ഞവാതില്‍ ചര്‍ച്ചയാണ് ഉണ്ടാകുക. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതു സംബന്ധിച്ച് പാകിസ്താന്‍ പ്രമേയം അവതരിപ്പിക്കും.

Update: 2019-08-15 17:09 GMT

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ചര്‍ച്ച ചെയ്യണമെന്ന ചൈനയുടെയും പാകിസ്താന്റെയും അഭ്യര്‍ത്ഥന മാനിച്ച് യുഎന്‍ രക്ഷാ സമിതി വെള്ളിയാഴ്ച ചേരും. വിഷയത്തില്‍ അടഞ്ഞവാതില്‍ ചര്‍ച്ചയാണ് ഉണ്ടാകുക. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതു സംബന്ധിച്ച് പാകിസ്താന്‍ പ്രമേയം അവതരിപ്പിക്കും.

നാളത്തെ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാരണം 15 അംഗ രക്ഷാസമിതിയില്‍ പാകിസ്താനെ ചൈന പിന്തുണയ്ക്കുമ്പോള്‍ യുഎസിന്റെ പിന്തുണ ഇന്ത്യയ്‌ക്കൊപ്പമാവും. അതിനാല്‍, കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ എത്തിക്കാന്‍ പാകിസ്താന് കഴിയുമെന്നല്ലാതെ മറ്റു നടപടികള്‍ക്ക് സാധ്യതയില്ല.

ഈ മാസം അഞ്ചിനാണ് ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നല്‍കിയ പ്രത്യേക പദവിയും അവകാശങ്ങളും പിന്‍വലിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇതോടെ സ്വയംഭരണ അധികാരവും ഇരട്ടപൗരത്വവും അടക്കമുള്ള ആനുകൂല്യങ്ങള്‍ കശ്മീരിന് നഷ്ടമായി.

പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം അടിച്ചേല്‍പ്പിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന് സംസ്ഥാനത്തെ ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയുമാണ് ഇന്ത്യ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത്.

ചൊവ്വാഴ്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രക്ഷ സമിതിക്ക് ഇതുസംബന്ധിച്ച് കത്തു നല്‍കിയിരുന്നു. പാകിസ്താന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും പാകിസ്താന്റെ ക്ഷമയെ ഇന്ത്യ ബലഹീനതയായി കാണരുതെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ മേഖലയില്‍ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത്. ഇന്ത്യ ഇനിയും ഇത്തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ പാകിസ്താന്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഖുറേഷി കത്തില്‍ ഭീഷണി മുഴക്കിയിരുന്നു.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ടിരുന്നു. കശ്മീരിനെ നേരിട്ട് ബാധിക്കുന്ന കടുത്ത തീരുമാനങ്ങളൊന്നും ഇരുരാജ്യങ്ങളും എടുക്കരുതെന്നും ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഗുത്തേറഷ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 1948, 1950 വര്‍ഷങ്ങളില്‍ ഇന്ത്യ പാകിസ്താന്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെട്ടിരുന്നു.

Tags:    

Similar News