കശ്മീരില്‍ കുട്ടികള്‍ക്കെതിരേ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം: ഇന്ത്യയോട് യുഎന്‍ സെക്രട്ടറി ജനറല്‍

തുറന്നചര്‍ച്ചയ്ക്കായി യുഎന്‍ രക്ഷാ സമിതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച 'കുട്ടികളും സായുധ സംഘര്‍ഷവും' സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2021-06-30 15:58 GMT

ന്യൂഡല്‍ഹി: കശ്മീരിലെ കുട്ടികള്‍ക്കെതിരേ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. തുറന്നചര്‍ച്ചയ്ക്കായി യുഎന്‍ രക്ഷാ സമിതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച 'കുട്ടികളും സായുധ സംഘര്‍ഷവും' സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ സേനയുമായി കുട്ടികളെ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഉന്നത ആഗോള സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം 19,300 കുട്ടികളാണ് ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് വിധേയരായത്.

പ്രധാനമായും യുദ്ധമേഖലകളായ അഫ്ഗാന്‍, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ക്ക് വിധേയരായത്. 'യുദ്ധത്തിനും പ്രക്ഷോഭത്തിനും ഇടയില്‍ കുട്ടികളുടെ അവകാശങ്ങള്‍ അവഗണിക്കുന്നത് ഞെട്ടിക്കുന്നതും ഹൃദയവേദന ഉണ്ടാക്കുന്നതുമാണ്'-വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചര്‍ച്ചയില്‍ ഗുത്തേറഷ് പറഞ്ഞു.

'സ്‌കൂളുകളും ആശുപത്രികളും ധനിരന്തരം ആക്രമിക്കപ്പെടുന്നു, കൊള്ളയടിക്കുന്നു, നശിപ്പിക്കപ്പെടുന്നു അല്ലെങ്കില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു'. സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് കുട്ടികളെ ജമ്മു കശ്മീരിലെ സുരക്ഷാ സേന കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്നും റിപോര്‍ട്ടിലുണ്ട്. ജമ്മു കശ്മീരില്‍ 33 ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും ഉള്‍പ്പെടെ 39 കുട്ടികളെ സംഘര്‍ഷങ്ങള്‍ നേരിട്ട് ബാധിച്ചു.

ഇവരില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കെതിരേ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. രണ്ട് കുട്ടികളെ അജ്ഞാത കുറ്റവാളികള്‍ പീഡിപ്പിച്ചു. ജമ്മു കശ്മീരിലെ കുട്ടികള്‍ക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ച് ഗുത്തേറഷ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    

Similar News