ഉമേഷ് വള്ളിക്കുന്ന് ആര്‍എസ്എസ്സിന്റെ നോട്ടപ്പുള്ളി; എ വി ജോര്‍ജിന്റേയും..!
ഉമേഷ് വള്ളിക്കുന്നിന്റെ സസ്‌പെന്‍ഷനു പിന്നില്‍ എവി ജോര്‍ജിന്റെ കുടിപ്പകയും ബാഹ്യ താല്‍പര്യങ്ങളുമാണെന്ന വിവരങ്ങളും പുറത്തു വരുന്നു.
പി സി അബ്ദുല്ല
കോഴിക്കോട്: കോഴിക്കോട്ടെ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരായ സിറ്റി പോലിസ് കമ്മീഷണര്‍ എവി ജോര്‍ജിന്റെ അച്ചടക്ക നടപടി വിവാദം പുതിയ തലങ്ങളിലേക്ക്. ഉമേഷ് വള്ളിക്കുന്നിന്റെ സസ്‌പെന്‍ഷനു പിന്നില്‍ എവി ജോര്‍ജിന്റെ കുടിപ്പകയും ബാഹ്യ താല്‍പര്യങ്ങളുമാണെന്ന വിവരങ്ങളും പുറത്തു വരുന്നു.
പോലിസില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിച്ചുവെന്ന എന്ന ആക്ഷേപം ശക്തമായിരിക്കെ, ആര്‍എസ്എസിന്റെ നോട്ടപ്പുള്ളിയായ സിവില്‍ പോലിസ് ഓഫിസര്‍ക്കെതിരായ പുതിയ നീക്കങ്ങള്‍ ആ തലത്തിലും ചര്‍ച്ചയാവുന്നുണ്ട്. കോഴിക്കോട് കസബ എസ്‌ഐ ആയിരിക്കെ അബ്ദുന്നാസര്‍ മഅ്ദനിയെ നിസാര കേസില്‍ പാതിരാത്രി അറസ്റ്റ് ചെയ്തതു മുതലുള്ള ഒട്ടേറെ സംഭവങ്ങളില്‍ ബാഹ്യ സമ്മര്‍ദങ്ങളാല്‍ നയിക്കപ്പെടുന്നു വെന്ന ആരോപണം നേരിടുന്ന പോലിസ് ഓഫിസറാണ് എ വി ജോര്‍ജ്. ഉമേഷ് വള്ളിക്കുന്നിനെതിരായ പോലിസ് കമ്മീഷണറുടെ കഴിഞ്ഞ ദിവസത്തെ അച്ചടക്ക നടപടിക്കു പിന്നില്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ക്കൊപ്പം വ്യക്തി പരമായ പ്രതികാരവുമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
പ്രശസ്ത ഗായികയും മ്യൂസിക് കംപോസറുമായ യുവതിയെ ഫ്‌ലാറ്റെടുത്തു നല്‍കി താമസിപ്പിച്ച് അസാന്‍മാര്‍ഗ്ഗിക പ്രവൃത്തിയിലേര്‍പ്പെട്ടു എന്ന തരത്തിലുള്ള പരാതിയിലാണ് ഉമേഷ് വള്ളിക്കുന്നിനെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്.എന്നാല്‍,പോലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തു വന്നതോടെ സംഭവം പോലിസിന് തിരിച്ചടിയായി. സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി എത്തി.
വനിതാ പോലിസുകാര്‍ പോലുമില്ലാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയും പോലിസുകാരനും താന്‍ ഒറ്റക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറുകയും പറയാത്ത കാര്യങ്ങള്‍ മൊഴിയിലുള്‍പ്പെടുത്തി ബലമായി ഒപ്പുവയ്പിക്കുകയും ചെയ്തുവെന്നാണ് ഗായിക വെളിപ്പെടുത്തിയത്. പോലിസ് ഉണ്ടാക്കിയ വ്യാജ പരാതി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഉല്‍പ്പെടുത്തുക വഴി കമ്മീഷണര്‍ എ വി ജോര്‍ജ്ജ് സ്ത്രീത്വത്തെ അപമാനിച്ചെന്നു കാണിച്ച് ഗായിക ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ ഉത്തരവ് ഉമേഷാണ് പരസ്യപ്പെടുത്തിയതെന്നാണ് കമ്മീഷണര്‍ ഓഫിസിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള ചട്ട ലംഘനം ആരോപിച്ച് ഉമേഷിനെതിരേ വീണ്ടും നടപടിയെടുക്കാനാണ് തീരുമാനം.
എന്നാല്‍, ഈ മാസം 20 ന് ഉമേഷ് കമ്മീഷണറുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈപറ്റും മുന്‍പ് തന്നെ കോഴിക്കോട്ടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് ലഭിച്ചിരുന്നതായാണ് സൂചന.
ഇത് രണ്ടാം തവണയാണ് ഉമേഷ് സസ്‌പെന്‍ഷന് വിധേയമാവുന്നത്. നേരത്തെ ശബരിമല സമരത്തിന്റെ മറവില്‍ ആര്‍എസ്എസുകാര്‍ കോഴിക്കോട് മിഠായി തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വര്‍ഗ്ഗീയ ലഹളക്കൊരുങ്ങി അഴിഞ്ഞാടുകയും ചെയ്ത സംഭവത്തില്‍ പോലിസിന്റെ വീഴ്ചക്കെതിരേ ഉമേഷ് ഫേസ് ബുക്കില്‍ പ്രതികരിച്ചത് ചര്‍ച്ചാ വിഷയമായിരുന്നു.
മിഠായി തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ തമ്പടിച്ച ആര്‍എസ്എസുകാരാണ് അന്ന് കലാപ നീക്കവുമായി നഗര ഹൃദയ ഭാഗത്തിറങ്ങിയത്. മാരകായുധങ്ങളുമായി പോലിസിന്റെ കണ്‍മുന്നില്‍ ആര്‍എസ്എസ്സുകാര്‍ കൊലവിളിയും അക്രമങ്ങളുമായി മണിക്കൂറുകളോളം ഭീതി വിതച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പോലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ വ്യാപാരികള്‍ ഒന്നടങ്കം രംഗത്തു വന്നു.
എന്നാല്‍, മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്നായിരുന്നു അന്നത്തെ പോലിസ് കമ്മീഷണറുടെ വിശദീകരണം. പോലിസ് വാദത്തെ ശക്തമായി നിഷേധിച്ചും ആര്‍എസ്എസ് ഭീകരത തുറന്നു കാട്ടിയുമാണ് ഉമേഷ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
സര്‍ക്കാരും ഡിജിപിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ കൊണ്ടാണോയെന്ന സംശയവും ഉമേഷ് ഉന്നയിച്ചിരുന്നു. സര്‍വ്വീസിലിരുന്നു കൊണ്ട് പോലിസിനെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ അന്ന് ക്രൈംബ്രാഞ്ചിലായിരുന്ന ഉമേഷിനെ സസ്‌പെന്റ് ചെയ്തു.
ആ സംഭവം മുതല്‍ ആര്‍എസ്എസ്സിന്റേയും ചില പോലിസ് ഉദ്യോഗസ്ഥരുടെയും കണ്ണിലെ കരടായിരുന്നു ഉമഷ്. എ വി ജോര്‍ജ് നേരത്തെ കോഴിക്കോട് പോലിസ് മേധാവിയായിരുന്ന സമയത്തെ ചില സംഭവങ്ങളും ഇപ്പോഴത്തെ പ്രതികാര നടപടിക്കു പിന്നിലുണ്ടെന്നാണ് ഉമേഷിന്റെ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്. മേഷിന്റെ നേതൃത്വത്തില്‍ നൂറുപേര്‍ ആയിരം രൂപ വീതമെടുത്ത് 2015ല്‍ ലഹരിമരുന്നിനെതിരേ ഒരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഇതേ സമയത്തു തന്നെ കോഴിക്കോട് സിറ്റി പോലിസ് ഒരു പ്രമുഖ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മയക്കുമരുന്നിനെതിരേ ഡോക്യുമെന്ററി തയാറാക്കുന്നുണ്ടായിരുന്നു.
നേരത്തെ നിര്‍മാണം പൂര്‍ത്തിയായ ഉമേഷിന്റെ നേതൃത്വത്തിലുള്ളവരുടെ ഡോക്യുമെന്ററി ആ വര്‍ഷം ജനുവരി ആറിന് പ്രകാശനം നിശ്ചയിച്ചു. അടുത്ത ദിവസം പോലിസ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനാല്‍ ഉമേഷിനോട് ഡോക്യുമെന്ററിയുടെ പ്രകാശനം നീട്ടിവെക്കാന്‍ എ വി ജോര്‍ജ്ജ് ആവശ്യപ്പെട്ടെങ്കിങ്കിലും വഴങ്ങിയില്ല.
ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായും പിന്നീട് ആക്ഷേപമുയര്‍ന്നു. പത്തു ലക്ഷത്തോളം രുപ ബന്ധപ്പെട്ട പോലിസ് മേധാവി അധികമായി കൈപറ്റിയെന്നായിരുന്നു പ്രചാരണം. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഒരു കള്ളക്കടത്തു വിവാദത്തിന്റെ അന്വേഷണം പ്രമുഖ ജ്വല്ലറിയിലേക്കെത്താതെ അട്ടിമറിഞ്ഞെന്ന ആക്ഷേപവും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.
ജ്വല്ലറിയുടെ സഹായത്തോടെ നടന്ന ഡോക്യുമെന്ററി നിര്‍മ്മാണത്തെക്കുറിച്ച് വിവരാവകാശനിയമ പ്രകാരം നല്‍കിയ നോട്ടിസിന് വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
അതേസമയം, പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ച കോടതി ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സുഹൃത്തായ യുവതിക്ക് താമസിക്കാന്‍ ഫ്‌ളാറ്റെടുത്തു നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഈ പ്രതികാര നടപടി. ഡിഐജിയും കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുമായ എ വി ജോര്‍ജാണ് ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

