മുസ് ലിം സമൂഹത്തെ ഭിന്നിപ്പിക്കുന്ന മാസപ്പിറവി പ്രഖ്യാപനങ്ങള്‍ അവസാനിപ്പിക്കണം: ഉലമ സംയുക്ത സമിതി

മുസ് ലിം സമൂഹം കൂടുതല്‍ ഒരുമ പ്രകടിപ്പിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ട വേളയില്‍ അമ്പിളിക്കീറിനെ ചൊല്ലി ബഹളം വയ്ക്കുന്നതും സംഘടനകളും ഗ്രൂപ്പുകളും സംഘടനാ പരിപാടിയെന്നവണ്ണം പെരുന്നാള്‍ പ്രഖ്യാപിക്കുന്നതും അങ്ങേയറ്റം ഖേദകരമാണ്.

Update: 2021-05-11 11:21 GMT

തിരുവനന്തപുരം: നോമ്പിന്റെയും പെരുന്നാളിന്റെയും തുടക്കം നിര്‍ണയിക്കുന്നതിനെ ചൊല്ലി തര്‍ക്കിച്ച് സംഘടനകളും ഗ്രൂപ്പുകളും വ്യത്യസ്ത ദിനങ്ങളില്‍ പെരുന്നാള്‍ പ്രഖ്യാപിക്കുന്നതിലൂടെ ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും ശുഭദിനങ്ങളെ സമുദായ ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും ദുര്‍ദിനങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും വേദനാജനകമായ ഈ പ്രവണത ബന്ധപ്പെട്ട സംഘടനകളും ഗ്രൂപ്പുകളും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഉലമ സംയുക്ത സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ് ലിം സമൂഹം കൂടുതല്‍ ഒരുമ പ്രകടിപ്പിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ട വേളയില്‍ അമ്പിളിക്കീറിനെ ചൊല്ലി ബഹളം വയ്ക്കുന്നതും സംഘടനകളും ഗ്രൂപ്പുകളും സംഘടനാ പരിപാടിയെന്നവണ്ണം പെരുന്നാള്‍ പ്രഖ്യാപിക്കുന്നതും അങ്ങേയറ്റം ഖേദകരമാണ്. മുസ് ലിം സമൂഹത്തെ ഒരുമിപ്പിച്ച് നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മഹല്ല് സംവിധാനത്തെ തകര്‍ത്തു കളയുന്നുവെന്നതാണ് ഈ 'സംഘടനാ പെരുന്നാളിന്റെ' ഏറ്റവും വലിയ പ്രത്യാഘാതം.

    മഹല്ലിലെ ഖാദിയോ ഖത്വീബോ പെരുന്നാള്‍ പ്രഖ്യാപിക്കുകയും മഹല്ല് നിവാസികളെല്ലാം ഒരുമിച്ച് ഒരു ദിനം പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുകയെന്ന സമുദായത്തിന്റെ പൈതൃകത്തെയാണ് മുസ് ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഒരു മുസ് ലിം വീട്ടില്‍ ഒന്നിലധികം പെരുന്നാളുകള്‍ കൊണ്ടാടുന്ന സ്ഥിതിവിശേഷത്തിന് സന്ദര്‍ഭമൊരുക്കുന്നവര്‍ പിടിവാശി ഉപേക്ഷിക്കുകയും ശിഥിലീകരണ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണം. അതോടൊപ്പം മാസപ്പിറവി നിര്‍ണയത്തില്‍ ഖാസിമാര്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തും സാധ്യതകള്‍ പരിശോധിച്ചും മാസമുറപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മുസ് ലിം സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത ഖാസി ഫോറം രൂപീകരിച്ച് മാസപ്പിറവി നിര്‍ണയ തീരുമാനങ്ങളെ ഒറ്റ പ്രസ്താവനയില്‍ ഏകീകരിക്കാന്‍ മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും മതപണ്ഡിതന്മാര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

    കല്ലമ്പലം എസ് അര്‍ഷദ് അല്‍ ഖാസിമി(ചെയര്‍മാന്‍, ഉലമ സംയുക്ത സമിതി), അബ്ദുല്‍ ശക്കൂര്‍ അല്‍ഖാസിമി(മെംബര്‍, ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), ടി അബ്ദുര്‍റഹ്‌മാന്‍ ബാഖവി മലപ്പുറം(സംസ്ഥാന പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), വി എച്ച് അലിയാര്‍ മൗലവി അല്‍ഖാസിമി(ജനറല്‍ സെക്രട്ടറി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള), ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി(പ്രസിഡന്റ്, കെ എം വൈ എഫ്), പനിപ്ര ഇബ്‌റാഹീം ബാഖവി (പ്രസിഡന്റ്, ഖതീബ്‌സ് ആന്റ് ഖാസി ഫോറം), ഡോ. യൂസുഫ് നദ് വി(പാളയം മുന്‍ ഇമാം), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി(മുസ് ലിം സംയുക്ത വേദി), ബാദുഷ മന്നാനി വട്ടപ്പറമ്പ് (മന്നാനീസ് അസോസിയേഷന്‍), ഡോ. ഇസുദ്ദീന്‍ നദ് വി(നദ് വതുല്‍ ഉലമ അലുംനി അസോസിയേഷന്‍), മാഹീന്‍ ഹസ്രത്(അല്‍ ഹാദി അസോസിയേഷന്‍), ടി അബ്ദുല്‍ ഗഫാര്‍ അല്‍ കൗസരി(അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍), നിസാമുദ്ദീന്‍ ഖാസിമി(കൈഫ്), പ്രമുഖ പണ്ഡിതന്മാരായ കരമന അഷ്‌റഫ് മൗലവി, ഖാലിദ് മൂസ നദ് വി, വി എം ഫത്ഹുദ്ദീന്‍ റഷാദി, സാലിഹ് നിസാമി പുതുപൊന്നാനി, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, പനവൂര്‍ നവാസ് മന്നാനി, ഫിറോസ് ഖാന്‍ ബാഖവി, കെ കെ.മജീദ് ഖാസിമി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.

Ulema Joint Committee about declarations of eid ul fithr

Tags:    

Similar News