ഇളവനുവദിച്ചില്ലെങ്കിൽ പള്ളികൾ തുറന്ന് അറസ്റ്റുവരിക്കും: ഉലമ സംയുക്ത സമിതി

Update: 2021-06-16 12:48 GMT

തിരുവനനന്തപുരം: പൊതു ഇടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവ് ആരാധനാലയങ്ങൾക്കും ബാധകമാക്കിയില്ലെങ്കിൽ പള്ളികൾ തുറന്ന് അറസ്റ്റ് വരിക്കാൻ വിശ്വാസികൾ തയാറാവുമെന്ന് ഉലമ സംയുക്ത സമിതി ചെയർമാൻ എസ് അർഷദ് അൽ ഖാസിമി സർക്കാരിന് മുന്നറിയിപ്പു നൽകി.

കൊവിഡ് ലോക്ക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്, മദ്യാലയങ്ങള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉലമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പണ്ഡിത സംഘടനാ പ്രതിനിധികള്‍ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സൂചനാ സമരത്തിലാണ് അദ്ദേഹം പ്രസ്താവിച്ചത്.

സാമൂഹ്യനീതിക്കുവേണ്ടിയുള്ള ഉദ്ബോധനത്തിന്റെയും ജാഗ്രതയുടെയും കേന്ദ്രങ്ങളാണ് പള്ളികൾ എന്നും അതുകൊണ്ടാണ് ഭരണകൂടം പള്ളികൾ തുറക്കാൻ വൈകിപ്പിക്കുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫതഹുദ്ദീന്‍ റഷാദി പ്രസ്താവിച്ചു.

കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അഹമ്മദ് റഷാദി ചുള്ളിമാനൂര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), നവാസ് മന്നാനി പനവൂര്‍ (ഇമാം മണക്കാട് സെന്‍ട്രല്‍ ജുമാ മസ്ജിദ്), പാനിപ്ര ഇബ്രാഹീം ബാഖവി(ഖത്തീബ്‌സ് ആന്റ് ഖാളി ഫോറം), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി(മുസ് ലിം സംയുക്ത വേദി) ഫിറോസ് ഖാന്‍ ബാഖവി (ജംഇയ്യത്തുല്‍ ഉലമ, നെയ്യാറ്റിന്‍കര), അര്‍ഷദ് മുഹമ്മദ് നദ് വി(ജനറല്‍ കണ്‍വീനര്‍ ഉലമ സംയുക്ത സമിതി) അബ്ദുല്‍ ഹാദി മൗലവി, സൈനുദ്ദീന്‍ ബാഖവി(അല്‍ ഹാദി അസോസിയേഷന്‍), ദാകിര്‍ ഹുസയ്ന്‍ മൗലവി(അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍), ബുഖാരി മൗലവി(അബ്‌റാര്‍ ഉലമാ കൗണ്‍സില്‍), ഷമീര്‍ മൗലവി പൂവാര്‍(കൈഫ്), ഷഫീഖ് മൗലവി ചടയമംഗലം ( അൽ ഉലമാ അസോസിയേഷൻ) നിസാറുദ്ദീന്‍ ഖാസിമി(ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍) ഫൈറൂസി ഖാസിമി, നബീൽ മൗലവി ഖാസിമി (മനാരീസ് ഉലമാ അസോസിയേഷൻ) തുടങ്ങിയവര്‍ പ്രതിഷേധ പ്രസംഗങ്ങൾ നടത്തി.