റഷ്യയിലെ ലുഹാന്‍സ്‌കില്‍ യുക്രെയ്ന്‍ ആക്രമണം; വാഗ്‌നര്‍ സംഘത്തിന്റെ ആസ്ഥാനം തകര്‍ത്തു

Update: 2022-12-12 03:18 GMT

കീവ്: റഷ്യയുടെ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കിഴക്കന്‍ യുക്രെയ്‌നിലുള്ള ആസ്ഥാനം യുക്രെയ്ന്‍ സൈന്യം ആക്രമിച്ചതായി റിപോര്‍ട്ട്. കാദിവ്കയില്‍ വാഗ്‌നര്‍ കൂലിപ്പട്ടാളം താമസിച്ചിരുന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായതെന്ന് ലുഹാന്‍സ്‌കിലെ യുക്രെയ്‌നിയന്‍ ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് ഇത് വന്‍ നഷ്ടമാണുണ്ടാക്കിയതെന്ന് ഗവര്‍ണര്‍ സെര്‍ഹി ഹൈദായി പറഞ്ഞു. കൂലിപ്പട്ടാളക്കാരായ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഗവര്‍ണര്‍ വിശദീകരിച്ചു.


 അതേസമയം, യുക്രെയ്ന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വാഗ്‌നര്‍ സംഘത്തിലെ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ഹോട്ടലില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ സാന്നിധ്യം സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിബിസിയും വ്യക്തമാക്കി. സായുധ സംഘടനയായ വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ സേനകളില്‍ ഒന്നിന്റെയും ഭാഗമല്ല. എന്നാല്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ ഇവരുടെ സജീവസാന്നിധ്യമുള്ളതായി നേരത്തെ മുതല്‍ ആരോപണമുണ്ട്.

കഴിഞ്ഞ എട്ടുവര്‍ഷമായി യുക്രെയ്ന്‍, സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ കൂലിപ്പടയാളികളുണ്ട്. പാശ്ചാത്യ യുദ്ധനിരീക്ഷകരുടെ അഭിപ്രായത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ സ്വകാര്യ ആര്‍മിയാണ് വാഗ്‌നര്‍ ഗ്രൂപ്പ്. ഡിമിത്രി യുറ്റ്കിന്‍ എന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടതെന്നായിരുന്നു ബിബിസി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയില്‍ പറയുന്നത്. വാഗ്‌നര്‍ എന്നായിരുന്നത്രേ ഇദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരുതന്നെ ഗ്രൂപ്പിന് വന്നു. സ്‌പെറ്റ്‌സ്‌നാസ് എന്ന റഷ്യന്‍ പ്രത്യേക സേനയുടെ ഓഫിസറായിരുന്നു യുറ്റ്കിന്‍.

റഷ്യന്‍ ചാര, ഇന്റലിജന്‍സ് വൃത്തവും മഹാശക്തരുമായ ജിആര്‍യുവിന്റെ മുന്‍ ലഫ്.കേണലും. 2014ല്‍ റഷ്യയുടെ ക്രിമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെയും ജനനമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാരാന്ത്യത്തില്‍ തെക്കന്‍ യുക്രെയ്‌നില്‍ പോരാട്ടം രൂക്ഷമാണ്. റഷ്യന്‍ സൈന്യം തുറമുഖനഗരമായ ഒഡെസയെ ലക്ഷ്യമാക്കി യുക്രെയ്ന്‍ അധിനിവേശ നഗരമായ മെലിറ്റോപോളില്‍ ബോംബെറിഞ്ഞു. യുക്രേനിയന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 10 ഡ്രോണുകള്‍ വെടിവച്ചിട്ടു.

ഊര്‍ജസ്രോതസ്സുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഫലമായി തുറമുഖ നഗരമായ ഒഡെസയില്‍ ഏകദേശം 1.5 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. ഒഡെസ മേഖലയിലെ സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്- പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കി വീഡിയോ പ്രസംഗത്തില്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ആക്രമണം ശക്തമായിരുന്നു. അതിനാല്‍, വൈദ്യുതി പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കും. കുറച്ച് ദിവസങ്ങളെങ്കിലും കാത്തിരിക്കേണ്ടിവരും. റഷ്യയുടെ ഇറാന്‍ നിര്‍മിത ഡ്രോണുകളാണ് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

Tags:    

Similar News