താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വോൾനോവഖയിൽ നിന്ന് റഷ്യ ജനങ്ങളെ ഒഴിപ്പിക്കുന്നു

ബിബിസി, ബ്ലൂംബെർഗ്, തുടങ്ങിയുള്ള മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള സംപ്രേക്ഷണം നിർത്തി.

Update: 2022-03-05 12:02 GMT

കീവ്: സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി യുക്രെയ്നിലെ രണ്ട് പ്രദേശങ്ങളിൽ റഷ്യൻ സൈന്യം താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയോപോളിൽ നിന്നും കിഴക്കൻ പട്ടണമായ വോൾനോവാഖയിൽ നിന്നും മോസ്കോ സമയം രാവിലെ 10 മണി മുതൽ (8 am GMT.) ജനങ്ങളെ ഒഴിപ്പിക്കാൻ സമ്മതിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഏത് വഴിയാണ് ഒഴിപ്പിക്കൽ എന്ന് വ്യക്തമാക്കിയിട്ടില്ല.

വെടിനിർത്തൽ നാല് മണി വരെ ആയിരിക്കുമെന്ന് മരിയോപോളിലെ ഉന്നത ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കൂടാതെ ഒരു മാനുഷിക ഇടനാഴിയിലൂടെയുള്ള പലായനം രാവിലെ 11 മണിക്ക് ആരംഭിക്കുമെന്നും മരിയോപോൾ ഉൾപ്പെടുന്ന ഡൊനെറ്റ്‌സ്‌ക് മിലിട്ടറി-സിവിൽ അഡ്മിനിസ്‌ട്രേഷന്റെ തലവൻ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു, മാനുഷിക ഇടനാഴി മരിയോപോൾ നഗരം മുതൽ സപോരിജിയ വരെ ഉണ്ടകുമെന്നും പറഞ്ഞു.

നേരത്തെ, മരിയോപോൾ നിവാസികളെ ഒഴിപ്പിക്കുന്നതിനായി റഷ്യൻ പ്രതിരോധ മന്ത്രാലയം വെടിനിർത്തൽ പ്രഖ്യാപിച്ചതായി വാർത്താഏജൻസിയായ എഎഫ്‌പി റിപോർട്ട് ചെയ്തിരുന്നു. അതേസമയം, ഖർകിവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെയും മറ്റ് വിദേശികളെയും ഒഴിപ്പിക്കുന്നതിനായി ബസുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന് റഷ്യ യുഎൻ രക്ഷാസമിതിയെ അറിയിച്ചു.

സുമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി ശനിയാഴ്ച അറിയിച്ചു. ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനുള്ള എക്സിറ്റ് റൂട്ടുകൾ കണ്ടെത്താൻ റെഡ് ക്രോസ് ഉൾപ്പെടെയുള്ള എല്ലാവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി പറഞ്ഞു.

റഷ്യൻ സേന യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയത്തിന് സമീപത്തേക്ക് അടുക്കുന്നതായി യുഎന്നിലെ അമേരിക്കൻ അംബാസഡർ മുന്നറിയിപ്പ് നൽകി. സേന നിലവിൽ ആണവ നിലയത്തിന് 32 കിലോമീറ്റർ മാത്രം അകലെയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ യുനൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. യുക്രൈനിൽ തന്നെയുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയം വെള്ളിയാഴ്ച റഷ്യ പിടിച്ചെടുത്തുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് യുഎസ് അംബാസഡറുടെ പരാമർശം.

അതേസമയം യുക്രൈനിന് മുകളിൽ നോ-ഫ്ലൈ സോൺ ഏർപ്പെടുത്താൻ വിസമ്മതിച്ചതിന് നാറ്റോയെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലെൻസ്‌കി രം​ഗത്തുവന്നു. ഇത് റഷ്യയെ ആകാശത്ത് കൂടിയുള്ള ആക്രമണം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആണവായുധങ്ങളുള്ള റഷ്യയുമായി വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയാണ് നാറ്റോ നോ-ഫ്ലൈ സോൺ ഏർപ്പെടുത്താൻ വിസമ്മതിച്ചത്.

"ഇന്ന് മുതൽ ഉണ്ടാകുന്ന ഓരോ മരണത്തിനും ഉത്തരവാദി നിങ്ങളായിരിക്കും, നിങ്ങളുടെ ബലഹീനതയും ഐക്യമില്ലായ്മയുമാകും കാരണം." സെലൻസ്കി പറഞ്ഞു. "നോ ഫ്ലൈ സോൺ വിസമ്മതിച്ചുകൊണ്ട് യുക്രെയ്ൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാട്ടിയിരിക്കുന്നു." പോരാട്ടം തുടരുമെന്നും രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടയിൽ റഷ്യ വെള്ളിയാഴ്ച ഫേസ്ബുക്കിനും മറ്റ് ചില വെബ്‌സൈറ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി. സ്വതന്ത്ര മാധ്യമപ്രവത്തനത്തെ തകർക്കാൻ പോന്ന അധികാരം മോസ്‌കോയ്ക്ക് നൽകുന്ന ഒരു നിയമം പാസാക്കുകയും ചെയ്തു. ഇതേതുടർന്ന്, ബിബിസി, ബ്ലൂംബെർഗ്, തുടങ്ങിയുള്ള മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള സംപ്രേക്ഷണം നിർത്തി.