യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമില്ല: റഷ്യ

അതിനിടെ യുക്രെയ്ന് കൂടുതല്‍ അത്യാധുനിക സൈനിക സാമഗ്രികള്‍ അയക്കുമെന്ന് കാനഡ. ഇക്കാര്യം യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയോട് പറഞ്ഞതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറയിച്ചു.

Update: 2022-03-09 13:51 GMT

കീവ്: യുക്രെയ്നിന് നിഷ്പക്ഷ പദവി ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ. ചര്‍ച്ചകളിലൂടെ നടപടികള്‍ സാധ്യമാക്കാനാണ് താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും അടുത്ത ഘട്ട ചര്‍ച്ചകളില്‍ സുപ്രധാന പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും മരിയ വ്യക്തമാക്കി. റഷ്യയുടെ സൈനിക നീക്കം പദ്ധതികള്‍ക്ക് അനുശ്രിതമായാണ് മുന്നോട്ട് പോകുന്നതെന്നും മരിയ അറിയിച്ചു.

അതിനിടെ യുക്രെയ്ന് കൂടുതല്‍ അത്യാധുനിക സൈനിക സാമഗ്രികള്‍ അയക്കുമെന്ന് കാനഡ. ഇക്കാര്യം യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയോട് പറഞ്ഞതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറയിച്ചു. കാനഡ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതായും ട്രൂഡോ ട്വീറ്റില്‍ പറഞ്ഞു.

യെുക്രെയ്നില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരേ പുതിയ ഉപരോധ പാക്കേജിന് യൂറോപ്യന്‍ യൂനിയന്‍ സമ്മതം നല്‍കി. മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരെയും പ്രഭുക്കന്മാരെയും ലക്ഷ്യമിട്ടുള്ള പുതിയ വട്ട ഉപരോധം ഇയു അംഗീകരിച്ചതായി ഫ്രാന്‍സ് അറിയിച്ചു. സമുദ്രമേഖലയിലെ നിയന്ത്രണങ്ങളും പുതിയ ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മൂന്ന് ബെലാറഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് ബാങ്കിങ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഫ്രാന്‍സിലെ വെര്‍സൈല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ അധിക ഉപരോധങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കും.

അതേസമയം കിഴക്കൻ യുക്രെയ്ൻ പട്ടണമായ സെവെറോഡൊൻസെക്കിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി എഎഫ്‌പി റിപോർട്ട് ചെയ്തു. മരിയോപോൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് യുക്രെയ്ൻ അധികൃതർ ജനങ്ങളെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. ആറ് മനുഷ്യത്വ ഇടനാഴികൾ വഴിയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത് വരെ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്.