സൈനിക വിമാനത്താവളം ആക്രമിച്ച് റഷ്യന്‍ ഹെലികോപ്റ്ററുകള്‍; യുക്രെയ്ന്‍ യുദ്ധവിമാനവും വെടിവെച്ചിട്ടു

കീവ് മേഖലയിലേക്കും ബെലാറസ് അതിര്‍ത്തിയിലെ സൈറ്റോമിര്‍ മേഖലയിലേക്കും റഷ്യന്‍ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗ്രാഡ് റോക്കറ്റ് സംവിധാനങ്ങളാണ് റഷ്യ ഉപയോഗിക്കുന്നതെന്നും യുക്രേനിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2022-02-24 14:11 GMT

കീവ്: റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വ്യാഴാഴ്ച യുക്രെയ്ന്‍ തലസ്ഥാനമായ കീവിനടുത്തുള്ള ഗോസ്റ്റമല്‍ സൈനിക വിമാനത്താവളത്തില്‍ ആക്രമണം നടത്തി. അതില്‍ മൂന്നെണ്ണം തങ്ങള്‍ തകര്‍ത്തതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കീവ് മേഖലയിലേക്കും ബെലാറസ് അതിര്‍ത്തിയിലെ സൈറ്റോമിര്‍ മേഖലയിലേക്കും റഷ്യന്‍ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗ്രാഡ് റോക്കറ്റ് സംവിധാനങ്ങളാണ് റഷ്യ ഉപയോഗിക്കുന്നതെന്നും യുക്രേനിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൈനിക വിമാനത്താവളത്തിന് നേരെയുള്ള റഷ്യൻ ആക്രമണത്തിൽ 18 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായുള്ള റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ യുക്രെയ്ൻ സർക്കാരിൽ നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം യുക്രെയ്ന്‍ യുദ്ധവിമാനം റഷ്യ വെടിവെച്ചിട്ടതായി എഎഫ്പി റിപോർട്ട് ചെയ്തു. ഈ ആക്രമണത്തിൽ 14 സൈനികര്‍ കൊല്ലപ്പെട്ടതായും റിപോർട്ടിൽ പറയുന്നു. എത്ര പേർ മരിച്ചുവെന്ന് ഇപ്പോഴും നിർണയിക്കേണ്ടതുണ്ടെന്ന് വാർത്താ ഏജൻസികൾ പറഞ്ഞു.

കീവ് ന​ഗരത്തിന് ഇരുപത് കിലോമീറ്റർ തെക്ക് മാറിയാണ് സംഭവം നടന്നതെന്നാണ് എൻഡിടിവി റിപോർട്ട് ചെയ്യുന്നത്. കീവ് നഗരത്തിന് ചുറ്റുമുള്ള നിരവധി സ്ഥലങ്ങൾ ആക്രമണത്തിനിരയായതായ റിപോർട്ടുകൾക്കിടയിലാണ് ഈ സംഭവം നടന്നത്.