യുക്രെയ്നില്‍ നിന്ന് 31 മലയാളി വിദ്യാർഥികൾ തിരിച്ചെത്തി

നാട്ടിലെത്തിയതില്‍ ആശ്വാസമുണ്ടെങ്കിലും തിരിച്ചുവരാനുള്ള സുഹൃത്തുക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Update: 2022-02-27 13:18 GMT

കൊച്ചി/കരിപ്പുര്‍: യുക്രെയ്നില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണം. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ശനിയാഴ്ച മുംബൈയിലും ഡല്‍ഹിയിലുമെത്തിയവരില്‍ 31 പേരാണ് നാല് വിമാനങ്ങളിലായി ഇതുവരെ കേരളത്തിലേക്കെത്തിയത്. മൂന്ന് വിമാനങ്ങളിലായി 27 പേര്‍ കൊച്ചിയിലേക്കും 4 പേര്‍ കരിപ്പൂരിലേക്കുമാണ് എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിമാനത്താവളത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു.

നാട്ടിലെത്തിയതില്‍ ആശ്വാസമുണ്ടെങ്കിലും തിരിച്ചുവരാനുള്ള സുഹൃത്തുക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരും കേരള സര്‍ക്കാരും വളരെ കാര്യക്ഷമമായി ഇടപെട്ടതായും അധികൃതരോട് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ഥികളെ നോര്‍ക്കയുടെ മേല്‍നോട്ടത്തിലായിരുന്നു കൊച്ചിയില്‍ എത്തിച്ചത്. യുക്രെയ്നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.