വംശീയ വിവേചനം: ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുകെ ലേബര്‍പാര്‍ട്ടി

അനധികൃതമായി കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നാല് ഫലസ്തീനികളെ കൊലപ്പെടുത്തുകയും അഞ്ച് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ നീക്കം.

Update: 2021-09-29 10:11 GMT

ലണ്ടന്‍: ഫലസ്തീനികള്‍ക്കെതിരെ വംശീയ വിവേചനം നടത്തുന്ന ഇസ്രായേലിനെതിരെ ഉപരോധം ആവശ്യപ്പെട്ട് ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രമേയം പാസാക്കി. അനധികൃതമായി കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നാല് ഫലസ്തീനികളെ കൊലപ്പെടുത്തുകയും അഞ്ച് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ നീക്കം.ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

തിങ്കളാഴ്ച ബ്രൈറ്റണില്‍ നടന്ന വാര്‍ഷിക പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അംഗീകരിച്ച ഈ പ്രമേയം ഫലസ്തീന്‍ അവകാശങ്ങള്‍ ലംഘിക്കുന്ന മേഖലകളില്‍ യുകെ ഇസ്രായേല്‍ ആയുധ വ്യാപാരം അവസാനിപ്പിക്കാനും അനധികൃത ഇസ്രായേലി സെറ്റില്‍മെന്റുകളുമായുള്ള കച്ചവടം അവസാനിപ്പിക്കാനും ലേബര്‍ പാര്‍ട്ടി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന നക്ബ (ദുരന്തം), അല്‍അക്‌സാ പള്ളിക്ക് നേരെയുള്ള ഇസ്രായേലിന്റെ സൈനികാക്രമണം, ശൈഖ് ജര്‍റാഹില്‍നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, ഗസയിലെ മാരകമായ ആക്രമണം എന്നിവ സമ്മേളനം അപലപിച്ചു.

അതേസമയം, പ്രമേയത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു.ഈ തീരുമാനം ഇസ്രായേലിന് ശക്തമായ ഒരു താക്കീതാണ്, ഈ അധിനിവേശത്തിന്റെ തുടര്‍ച്ച ലോകം ഇനി അംഗീകരിക്കില്ല, അധിനിവേശത്തെ ഉള്‍ക്കൊള്ളാനും ഒറ്റപ്പെടുത്താനും ശിക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് ലോകം നീങ്ങുകയാണെന്നും അബ്ബാസിനെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ജനതയ്ക്ക് പ്രതീക്ഷയുടെ സന്ദേശവും അവരുടെ അവകാശങ്ങള്‍ക്കുള്ള ധാര്‍മ്മിക പിന്തുണയുമാണിത്. ഈ അധിനിവേശം ഒടുവില്‍ അവസാനിക്കുമെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കുന്നതെന്നും അബ്ബാസ് പറഞ്ഞു.

Tags:    

Similar News