യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തായി

ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

Update: 2020-02-01 01:33 GMT

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട സങ്കീര്‍ണനടപടികള്‍ക്കൊടുവില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി പുറത്തായി. പ്രാദേശിക സമയം രാത്രി 11ഓടെയാണ് ബ്രെക്‌സിറ്റ് നടപ്പായത്. 47 വര്‍ഷം തുടര്‍ന്ന ബന്ധമാണ് യൂറോപ്യന്‍ യൂനിയനുമായി ബ്രിട്ടന്‍ അവസാനിപ്പിച്ചത്. ബ്രിട്ടന്‍ പുറത്തായതോടെ ഇയുവില്‍ 27 രാജ്യങ്ങളാണ് അവശേഷിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും 11 മാസത്തെ സമയമുണ്ടെങ്കിലും ഡിസംബര്‍ 31നാണ് പൂര്‍ണാര്‍ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാവുക. അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്‍ക്കും. 11 മാസത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കും. 2016ലാണ് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്. 2019 മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാക്കാനാണു തീരുമാനമെങ്കിലും കരാറില്‍ ധാരണയായില്ല. ഇതോടെ നീണ്ടുപോവുകയായിരുന്നു. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.




Tags:    

Similar News