സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം; സംഘര്‍ഷാവസ്ഥ

Update: 2023-05-20 06:09 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് സമരം. ഇതിനിടെ, സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞത് വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ഇടയാക്കി.

    സമര കേന്ദ്രത്തില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധ സമരത്തിനിടെ നികുതി വര്‍ധനവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കി.



പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം ജി റോഡില്‍ പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ് വരെയാണ് നിയന്ത്രണം. സമരം ശക്തമായതോടെ നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. എംജി റോഡില്‍ വൈകീട്ട് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജങ്ഷനിലെ ഫ്‌ലൈ ഓവര്‍ വഴിയാണ് കിഴക്കേകോട്ടയിലേക്ക് പോവേണ്ടത്. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോവേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ അറിയിച്ചു.

Tags:    

Similar News