യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിനെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
62 കാരനായ ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്.
തൃശൂർ: ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിനെ നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച്ച വൈകീട്ടാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയതെന്ന് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് തേജസ് ന്യൂസിനോട് പറഞ്ഞു.
മാവോവാദി ബന്ധമാരോപിച്ച് കഴിഞ്ഞ ആറു വർഷമായി തടവിൽ കഴിയുന്ന ഇബ്രാഹിമിന് ഹൃദ്രോഗവും പ്രമേഹവും മൂലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായും അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്നും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് ജയിലധികൃതർക്ക് നേരത്തെ റിപോർട്ട് നൽകിയിരുന്നു.
ഡോ. സജി സെബാസ്റ്റിയന്‍, ഡോ. സിബു മാത്യൂ, ഡോ. ഒ കെ മണി, ഡോ. ജിജിത്ത് കൃഷ്ണന്‍, ഡോ. ബെറ്റ്‌സി അംബൂക്കന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് അന്ന് ഇബ്രാഹിമിനെ പരിശോധിച്ചത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് കഴിഞ്ഞ ആഗസ്ത് മാസം വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടിലാണ് അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചത്.
62 കാരനായ ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്.
ഇബ്രാഹിമിന് ജാമ്യം അനുവദിച്ച് വിദഗ്ധ ചികിൽസയ്ക്കുള്ള അദ്ദേഹത്തിന്റെ മനുഷ്യാവകാശപരമായ അവകാശങ്ങൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാൽ അനുകൂല സമീപനം സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
