ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍; യുഎപിഎ ചുമത്തി കേസെടുത്തു

പോസ്റ്റര്‍ പതിച്ചത് പോലുള്ള നിസ്സാര സംഭവങ്ങളില്‍ യുഎപിഎ പ്രകാരം കേസെടുത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് തേജസിനോട് പറഞ്ഞു.

Update: 2019-04-01 13:05 GMT

തൃശൂര്‍: ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ചതിന് പോലിസ് യുഎപിഎ ചുമത്തി കേസെടുത്തു. വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊന്ന സി പി ജലീലിന്റെ ചിത്രം സഹിതമുള്ള പോസ്റ്റര്‍ പതിച്ചതിനാണ് യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്. തൃശൂര്‍ നഗരത്തില്‍ ശനിയാഴ്ച്ച രാത്രിയാണ് പുരോഗമന യുവജന പ്രസ്ഥാനം എന്ന സംഘടന പോസ്റ്റര്‍ ഒട്ടിച്ചത്. സംസ്ഥാന വ്യാപകമായുള്ള പോസ്റ്റര്‍ പ്രചാരണത്തിന്റെ ഭാഗമായിരുന്നു തൃശൂരിലും പോസ്റ്റര്‍ ഒട്ടിച്ചത്. 'ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടര്‍ബോള്‍ട്ട് ഭീകര സേനയെ പിരിച്ചുവിടുക' തുടങ്ങിയ ആവശ്യങ്ങള്‍ പോസ്റ്ററിലുണ്ട്. തൃശൂര്‍ പാലസ് റോഡിലുള്ള സാഹിത്യ അക്കാദമിക്കും ടൗണ്‍ഹാളിനും സമീപത്താണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പോസ്റ്ററുകളില്‍ രണ്ട് ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഈസ്റ്റ് പോലിസാണ് പോസ്റ്റര്‍ പതിച്ച കേസില്‍ യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.

അതേസമയം, പോസ്റ്റര്‍ പതിച്ചത് പോലുള്ള നിസ്സാര സംഭവങ്ങളില്‍ യുഎപിഎ പ്രകാരം കേസെടുത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് തേജസിനോട് പറഞ്ഞു. രാജ്യദ്രോഹ കുറ്റം എടുത്തുകളയുമെന്ന് ഇടതുപക്ഷം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്. കേരള പോലിസ് ചുമത്തിയ 40 യുഎപിഎ കേസുകള്‍ പുന:പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിസ്സാര സംഭവങ്ങളില്‍ യുഎപിഎ ചുമത്തിയിരിക്കുന്നത്.

'പോസ്റ്ററില്‍ രാജ്യ വിരുദ്ധമായ യാതൊരു പരാമര്‍ശവുമില്ല. ഭരണകൂട-പോലിസ് ഭീകരതയെ തുറന്ന് കാട്ടിയുള്ള പോസ്റ്ററിനെതിരേയാണ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരും'. ശ്രീകാന്ത് പറഞ്ഞു. തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടേയാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരേ പോസ്റ്ററിങ് പൂര്‍ത്തിയായിരിക്കുകയാണ്. തൃശൂരില്‍ മാത്രമാണ് ഇത്തരത്തില്‍ കേസെടുത്തതെന്നും പോലിസ് നടപടിയെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പോസ്റ്റര്‍ പതിച്ചതിന് യുഎപിഎ പ്രകാരം കേസെടുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പോലിസിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്.




Tags:    

Similar News