യുഎപിഎ പ്രയോഗം സർക്കാർ നീക്കത്തിന് വീണ്ടും തിരിച്ചടി; രൂപേഷിനെതിരായ മൂന്ന് കേസുകൾ കൂടി റദ്ദാക്കി

യുഎപിഎ നിയമം ഒരു പൗരനുമേൽ ചുമത്തുമ്പോൾ പാലിക്കേണ്ട നടപടികൾ ഒന്നും തന്നെ പാലിക്കാത്തതിനാലാണ് കേസ് റദ്ദ് ചെയ്തത്.

Update: 2019-09-20 09:55 GMT

കൊച്ചി: യുഎപിഎ പ്രയോഗം സർക്കാർ നീക്കത്തിന് വീണ്ടും തിരിച്ചടി. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് സെഷൻസ് കോടതിയിലുണ്ടായിരുന്ന രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കി. രൂപേഷിനെതിരായ മറ്റൊരു യുഎപിഎ കേസുകൂടി നേരത്തെ കോടതി റദ്ദ് ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, വളയം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് റദ്ദാക്കിയത്. കുറ്റിയാടി പോലിസ് രജിസ്റ്റർ ചെയ്ത 861/13 ക്രൈം നമ്പർ കേസിലെ രാജ്യദ്രോഹ കുറ്റവും യുഎപിഎ നിയമത്തിലെ 20, 38 വകുപ്പുകളടക്കമാണ് റദ്ദാക്കിയത്. 2014ൽ വളയം സ്റ്റേഷനിൽ സമാന വകുപ്പുകൾ പ്രകാരം 11/14 , 15/14 എന്നീ ക്രൈം നമ്പറുകളിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുമാണ് റദ്ദാക്കിയത്.

യുഎപിഎ നിയമം ഒരു പൗരനുമേൽ ചുമത്തുമ്പോൾ പാലിക്കേണ്ട നടപടികൾ ഒന്നും തന്നെ പാലിക്കാത്തതിനാലാണ് കേസ് റദ്ദ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്‌താൽ രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ സർക്കാർ അധികാരിക്ക് കൈമാറണം. തുടർന്ന് അധികാരിയുടെ നിർദേശം സർക്കാരിന് കൈമാറണം. സർക്കാർ തീരുമാനം ഉണ്ടെങ്കിൽ മാത്രമേ യുഎപിഎ ചുമത്തുവാൻ സാധിക്കുകയുള്ളു. എന്നാൽ ഈ കേസുകളിൽ ആറു മാസം വരെ കാലതാമസം എടുത്തു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദ് ചെയ്തിരിക്കുന്നത്.

രൂപേഷിനെതിരേ ചുമത്തിയ ആദ്യ യുഎപിഎ കേസ് ഈ മാസം ആദ്യവാരത്തിൽ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. 2013ല്‍ കര്‍ണാടക ബാഗമണ്ഡല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. പശ്ചിമഘട്ടത്തിലെ മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയായിരുന്നു ബാഗമണ്ഡല പോലീസ് യുഎപിഎ ചുമത്തിയത്. യുഎപിഎ ചുമത്താനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ഈ കേസിലും കോടതി വിലയിരുത്തിയത്. 

Tags:    

Similar News